തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ്-പരമ്പരാഗത തൊഴില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം ഇളമ്പള്ളൂര്‍ ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലുറപ്പാക്കുന്നതിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമായാണ് പുതുതായി 500 തൊഴിലാളികള്‍ക്ക് ഇന്നിവിടെ നിയമന ഉത്തരവ് നല്‍കിയത്. ഇതോടൊപ്പം ഇവിടുത്തെ ജീവനക്കാര്‍ക്ക് 31 ശതമാനം ശമ്പള വര്‍ധനയും നല്‍കാനായി. കോര്‍പറേഷന്റെ ഫാക്ടറികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഫാക്ടറി ഒന്നിന് ഒരു കോടി വീതം ആകെ 20 കോടി രൂപയാണ് നല്‍കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കടത്തിലായിരുന്ന കോര്‍പറേഷന് 224 കോടി രൂപ സര്‍ക്കാര്‍ നല്‍കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ ബാങ്ക് വായ്പയെടുക്കാനുള്ള നീക്കത്തിലുമാണ്.
പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ മെഡിസിന് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയാല്‍ ഫീസ് സര്‍ക്കാരാണ് വഹിക്കുന്നത്. കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിനുള്ള ചെലവ് വഹിക്കുന്നത് പരിഗണനയിലുമാണ്. മത്സ്യമേഖലയില്‍ നിന്നുള്ള 16 കുട്ടികള്‍ സര്‍ക്കാരിന്റെ സഹായത്തോടെ വിവിധ കോളജുകളില്‍ മെഡിസിന്‍ പഠനം നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെയും ജീവനക്കാരുടേയും മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍, ഉന്നതവിദ്യാഭ്യാസം തുടരുന്ന തൊഴിലാളികളുടെ മക്കള്‍ക്കുള്ള ധനസഹായം, ഫാക്ടറികളിലെ പ്രൊസസിംഗ് മികവിന് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ എന്നിവയും മന്ത്രി സമ്മാനിച്ചു.
കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ്, മറ്റു ജനപ്രതിനിധികള്‍, കയര്‍ഫെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.