കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പടെ ഏതു പ്രദേശത്തും കൊതുക് വളരാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോര്‍പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂത്താടി പെരുകുന്നതിന് സാഹചര്യം നിലനില്‍ക്കുന്നതായി കണ്ടെത്തി. ഇതിന് വഴിയൊരുക്കുന്ന കെട്ടിട/സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും. ഡെങ്കിപനി പടരുന്നത് ഒഴിവാക്കുന്നതിനാണ് തീരുമാനം – കലക്ടര്‍ അറിയിച്ചു.
കടപ്പാക്കട പീപ്പിള്‍സ് നഗര്‍, ഉളിയക്കോവില്‍ മേഖലകളില്‍ ഡെങ്കിപനി വ്യാപനം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഈ പ്രദേശങ്ങളില്‍ കൊതുകു പെരുകാന്‍ സാഹചര്യമുണ്ടെന്നും തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ ഫോഗിംഗ്, ഉറവിട നശീകരണം, വീടുകള്‍ക്കുള്ളില്‍ മരുന്ന് തളിക്കല്‍ എന്നിവ നടത്തി. കോര്‍പറേഷനുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.
ഡെങ്കിപനി വ്യാപനം നിയന്ത്രിക്കാന്‍ വീടും പരിസരവും ആഴ്ചില്‍ ഒരു ദിവസമെങ്കിലും പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കാന്‍ ഡി.എം.ഒ നിര്‍ദ്ദേശിച്ചു. വെള്ളം കെട്ടിനിറുത്താതിരിക്കലാണ് പ്രധാനം എന്നും ഓര്‍മിപ്പിച്ചു.