ഇടുക്കി: സംസ്ഥാന ഡാം അതോറിറ്റി സുരക്ഷാ ചെയര്‍മാന്‍ ജസ്റ്റിസ് സി എൻ .രാമചന്ദ്രന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി. കാലവര്‍ഷത്തോടനുബന്ധിച്ച് അണക്കെട്ടുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായാണ് ചെയര്‍മാന്‍ ഇടുക്കിയില്‍ എത്തിയത്. കാലവര്‍ഷത്തില്‍ അണക്കെട്ടുകളിലെ ജലവിതാനം ഉയരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ചെയര്‍മാനും സംഘവും സന്ദര്‍ശനം നടത്തിയത്.

വര്‍ഷകാലത്ത് ജലം ഉയരുന്ന സാഹചര്യം മുന്നില്‍ കണ്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുണ്ട്. ഏതു പ്രതിസന്ധിയെയും നേരിടാന്‍ കെ.എസ്.ഇ.ബി.യും ഡാം സുരക്ഷാ വിഭാഗവും സജ്ജമാണ്. ഡാം സൈറ്റില്‍ വൈദ്യുതി ബന്ധം തടസ്സെപ്പെടാത്ത വിധം പ്രത്യേകം ലൈന്‍ സ്ഥാപിച്ച് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വനം-വന്യജീവി വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഡാമില്‍ പരിശോധന നടത്തിയത്.

ഡാം സുരക്ഷാ മെമ്പര്‍ സെക്രട്ടറി ബിജു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡെന്‍സില്‍ പോള്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരി ആര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം അനു കുര്യാക്കോസ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുജീബ് റഹ്മാന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം എം ബഷീര്‍, തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.