കാസര്‍ഗോഡ്: ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടാബ്, ലാപ് ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ അവലോകന സമിതി യോഗം തീരുമാനിച്ചു. ഇന്റര്‍നെറ്റ് പ്രശ്നമുള്ള പ്രദേശങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതി ബന്ധമില്ലാത്ത വീടുകളിലേക്ക് വേഗത്തില്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ 590 കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസ വകുപ്പ് മുഖേന മൊബൈല്‍ ഫോണുകള്‍ നല്‍കി. ഓരോ പ്രദേശത്തും സ്‌കൂള്‍ പിടിഎയുമായി സഹകരിച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും സന്നദ്ധ സംഘടനകളുമൊക്കെ ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയമുയെത്തുന്നുണ്ട്.
ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെയും സി.എസ്.ആര്‍ ഫണ്ട് ഉള്ള വ്യവസായ സ്ഥാപനങ്ങളെയും സമീപാക്കാമെന്നും യോഗം നിര്‍ദേശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എസ്.എന്‍.സരിത, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ കെ.വി.പുഷ്പ, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരായ ഹെറാള്‍ഡ് ജോണ്‍, എസ്.സജു, കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെന്നി ഫിലിപ്പ്, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.