* ലോക രക്തദാതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
രക്തത്തിന് പകരമായി രക്തമല്ലാതെ വേറൊന്നുമില്ലെന്നും രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും പുലര്‍ത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക രക്തദാതാ ദിനാചരണത്തിന്റെയും ബ്ളഡ് മൊബൈല്‍ ബസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര് മുന്നോട്ടുവരണം. അങ്ങേയറ്റം മഹത്വപൂര്‍ണമായ കാരുണ്യപ്രവൃത്തിയാണിത്. ഓരോ തുള്ളി രക്തത്തിനും ഒരു ജീവന് രക്ഷിക്കാന്‍ കഴിയും. അതാണീ ദിനാചരണത്തിന്റെ പ്രാധാന്യം. രക്തദാനം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ടെന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ തവണ രക്തദാനം ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. രക്ത സാമ്പിളുകള്‍ വേര്‍തിരിക്കുന്ന സെപറേഷന് യൂണിറ്റുകളും രക്ത ബാങ്കുകളും എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന ആശുപത്രികളിലും സ്ഥാപിക്കാനുള്ള പരിശ്രമം തുടങ്ങിയതായി മന്ത്രി പറഞ്ഞു.
സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ടി.കെ.എ നായര്‍, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നാഷണല്‍ ബ്ളഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സില്‍ പ്രതിനിധി ഡോ. ശോഭിനി രാജന്, ബ്ളഡ് ഡോണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ലിഡാ ജേക്കബ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ ഐ.പി. ബിനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി, ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. ബിജുകുമാര്‍, ലോ കോളേജ് യൂണിയന് ചെയര്മാന് സൂരജ്, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്. രമേശ് സ്വാഗതവും ഐ.ഇ.സി ജോയന്റ് ഡയറക്ടര്‍ രശ്മി മാധവന് നന്ദിയും പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ രക്തദാനക്യാമ്പുകള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്ന ഗവ. ലോ കോളേജില്‍ സന്നദ്ധ രക്തദാന ക്യാമ്പും, സെമിനാറും, സ്പോട്ട് ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു.
സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കാനാണ് സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേനുമായി ചേര്‍ന്ന് ‘ബ്ളഡ് മൊബൈല്‍’ എന്ന മൊബൈല്‍ ബ്ളഡ് കളക്ഷന്‍ യൂണിറ്റ് ബസ് സജ്ജീകരിച്ചത്.
