കോവിഡാനന്തരമായുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ‘യോഗാമൃതം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം ചെയ്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ യോഗാമൃതത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, കോട്ടക്കല്‍ ആയുര്‍വേദ കോളജ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോവിഡ് വിമുക്തരായവര്‍ക്ക് സൗജന്യ യോഗ പരിശീലനം നല്‍കുന്നതാണ് പദ്ധതി. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുക.  കണ്ണൂര്‍ സ്വദേശിയായ ഡോ: രാഹുല്‍ പനയന്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. സൗജന്യ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്  7034450570 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗമുറകള്‍ വിശദീകരിക്കുന്ന ബുക്ക്‌ലെറ്റും സൗജന്യമായി നല്‍കും.

അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ഉഷ, കോട്ടക്കല്‍ ആയുര്‍വേദ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബീന റോസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എ.എം. കബീര്‍,  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ ഡോ. മന്‍സൂറലി ഗുരുക്കള്‍, ഡോ: അനുപമ, കോഡിനേറ്റര്‍മാരായ ഡോ.പി.ഐ. മുഹമ്മദ്  സഫീര്‍, ഡോ. ആരതി, ഡോ. അരുണ്‍, ഡോ. ഹാരിസ് ചോലക്കല്‍, ഡോ. രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.