എറണാകുളം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നഷമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ സ്‌കൂളുകളിൽ ഈ മാസം പന്ത്രണ്ടു മുതൽ ഇരുപതു വരെ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ ബ്ലോക്കുതല ഉദ്‌ഘാടനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്‌കൂളിൽ 12 നു ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.ബാബു എം.എൽ.എ. നിർവ്വഹിക്കും .
രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള 272 ജില്ലകൾ കേന്ദ്രീകരിച്ചു നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലിയറ്റ് ടി. ബേബി ചെയർപേഴ്‌സണായി സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിനായുള്ള ആലോചനാ യോഗം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്‌ഘാടനം ചെയ്തു. മുളന്തുരുത്തി ശിശു വികസന പദ്ധതി ഓഫീസർ ഒ.എൻ. മണി, മാസ്റ്റർ വോളന്റിയർ അഡ്വ: ടീന ചെറിയാൻ, എക്സൈസ് തൃപ്പൂണിത്തുറ റേഞ്ച് ഇൻസ്‌പെക്ടർ അനൂപ് വി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ പിന്റ ആർ. പിള്ള, സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ഓഫീസർ ഡോ. ജോസ് ജോൺ, ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വിമുക്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്തിനായി വിദ്യാർത്ഥികളുടെ കവിതകൾ, കഥകൾ, ചിത്രങ്ങൾ, നാടകങ്ങൾ എന്നിവയുടെ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിനായുള്ള രചനകൾ അടുത്ത മാസം അഞ്ചാം തീയതിക്ക് മുൻപായി സമർപ്പിക്കണം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.