മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വർഷത്തിലേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബജറ്റിനും ആക്‌ഷൻ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയിൽ 3,40,941 തൊഴി ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയിൽ വൈവിധ്യമാർന്ന പദ്ധതികളാണ് നഗരസഭ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർഷിക- ക്ഷീരവികസന -പാർപ്പിട മേഖലകൾക്ക് ഊന്നൽ നൽകിയും നഗരസഭയുടെയും മറ്റു വകുപ്പുകളുടെയും പദ്ധതികളുമായി സംയോജിപ്പിച്ചും സമഗ്ര മാതൃകയിൽ തയ്യാറാക്കിയ കർമ പദ്ധതിയാണ് തൊഴിലുറപ്പ് കൗൺസിൽ മുമ്പാകെ സമർപ്പിച്ചത്.

ആധുനിക തൊഴുത്ത്, അസോള കുളങ്ങൾ, തീറ്റപ്പുൽകൃഷി തുടങ്ങിയവ ക്ഷീരവികസന മേഖലയിലും സിമന്റ് കട്ട നിർമ്മാണം, കിണർ നിർമ്മാണം, തുടങ്ങിയവ പാർപ്പിട മേഖലയിലും നടപ്പാക്കിയ നഗരസഭയുടെ പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായുള്ള പരിശീലനങ്ങൾ നടത്തുമെന്നും സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുമെന്നും ചെയർമാൻ പി.ടി ബാബു അറിയിച്ചു.