പാലക്കാട്:   സംസ്ഥാനത്ത് കൂടുതൽ പേരിൽ സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. കൂടാതെ ഞായറാഴ്ചകളിൽ ഡ്രൈഡേ ആചരിക്കേണ്ടതിൻ്റെ ആവശ്യകതയും ഓർമിപ്പിച്ചു.

പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് വൈറസ് ബാധ പരത്തുന്നത്. സാധാരണ ഗതിയിൽ രോഗം ഗുരുതരമല്ലെങ്കിലും ഗർഭിണികൾക്ക് രോഗം ബാധിച്ചാൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് മൈക്രോ സെഫാലി രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണികളും ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവരും കൊതുകു കടി ഏൽക്കാതെ സൂക്ഷിക്കണം.

രോഗലക്ഷണങ്ങൾ

വൈറസ് ബാധയുള്ള കൊതുകിൻ്റെ കടിയേറ്റ ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെയാണ് സിക്ക വൈറസ് രോഗം കാണപ്പെടുന്നത്. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കാം. പനി, തലവേദന, ശരീരവേദന, സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണു ചുവക്കൽ, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. കൊതുകിൽ നിന്ന് അല്ലാതെ രോഗബാധിതരായ വ്യക്തികളിൽ നിന്നും രക്തം സ്വീകരിക്കുക വഴിയും, ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.

ചികിത്സയില്ലാത്തതിനാൽ പ്രതിരോധം ഉറപ്പാക്കണം

സിക്ക വൈറസ് ബാധയ്ക്കെതിരെ നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനേഷനോ ഇല്ലാത്തതിനാൽ രോഗപ്രതിരോധവും രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കലുമാണ് പ്രധാനം. വേദന, പനി എന്നിവക്കുള്ള മരുന്നുകൾ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക, ഇവയിലൂടെ രോഗം ഭേദമാകും. രോഗം ഗുരുതരമാവുകയാണെങ്കിൽ വൈദ്യസഹായം തേടണം.

കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കാനായി ചെയ്യേണ്ട പരമപ്രധാനമായ കാര്യം കൊതുകുകടി ഏൽക്കാതിരിക്കുക എന്നതാണ്. കൊതുകു കടി ഏൽക്കാതിരിക്കുന്നതിലൂടെ സിക്ക വൈറസ് മാത്രമല്ല ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മറ്റു രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. ഇതിനായി കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക, ജനലുകൾക്കും വാതിലുകൾക്കും സ്ക്രീനുകൾ ഉപയോഗിക്കുക, പകൽ ഉറങ്ങുമ്പോൾ പോലും കൊതുകുവല ഉപയോഗിക്കുക, ശുദ്ധജലം കെട്ടി കിടക്കാൻ സാധ്യതയുള്ള ബക്കറ്റുകൾ, പൂച്ചട്ടികൾ, ടയറുകൾ, കപ്പുകൾ, കുപ്പികൾ, പാത്രങ്ങൾ, ടിന്നുകൾ, പ്ലാസ്റ്റിക് കവറുകൾ, ടാർപോളിൻ ഷീറ്റുകൾ മുതലായ വസ്തുക്കൾ ഇടയ്ക്കിടെ വൃത്തിയാക്കുക, വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഞായറാഴ്ചകളിൽ ഡ്രൈഡേ ആചരിക്കുക എന്നിവ ചെയ്യണമെന്ന് ഡി.എം.ഒ അറിയിച്ചു.