ആലപ്പുഴ : കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണൽ റൂറൽ അർബൻ മിഷന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനെതിരെ കേരളം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും മികച്ച പ്രാഥമിക ചികിത്സാ സൗകര്യങ്ങളാണ് കേരളത്തിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ജനകീയമായ ആരോഗ്യ സംവിധാനം കോവിഡിനെതിരെ ഫലപ്രദമായി പ്രവർത്തിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തിൽ ഇല്ല. സാധാരണക്കാരന് ആശ്രയമാകുന്ന ഇത്തരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ ഇനിയും ശക്തിപ്പെടുത്തും. വികസന പദ്ധതികൾക്കായി സർക്കാർ നീക്കി വെച്ചിട്ടുള്ള തുകയിൽ ഏറിയ പങ്കും ആരോഗ്യം മേഖലയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ സുരേഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കമലമ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, പഞ്ചായത്ത് അംഗം ടി. പി. കനകൻ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജെ. തോമസ് ഡിക്രൂസ്, മെഡിക്കൽ ഓഫീസർ ഡോ. സജില എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.