എറണാകുളം: ദൈനംദിന ഗാർഹിക, വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ട് ലഭ്യമാക്കുവാൻ ഉതകുന്ന മൊബൈൽ അപ്ലിക്കേഷൻ “സ്കിൽ രജിസ്റ്ററി ” പ്രവർത്തന സജ്ജമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സ്കിൽ ഡെവലപ്പ്മെന്റ് മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) വ്യവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ്
സ്കിൽ രജിസ്റ്ററിയുടെ പ്രവർത്തനം.

വിദഗ്ധ തൊഴിലാളികളുടെ സ്കിൽ രജിസ്റ്ററി രൂപീകരണത്തിലൂടെ എറണാകുളം ജില്ലയിലെ വിവിധ സേവന മേഖലകളിലായി വൈദഗ്ധ്യം ഉള്ള തൊഴിലാളികളുടെ രജിസ്ട്രേഷൻ ത്വരിത ഗതിയിൽ ആക്കും.പഞ്ചായത്ത്, ബ്ലോക്ക് ജില്ലാ തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും ഈ സംരംഭത്തിന്റെ പ്രചാരണം നടത്തുവാനും അതുവഴി കൂടുതൽ പേരിലേക്ക് ഇത് എത്തിക്കാനുമുള്ള പ്രാഥമിക നടപടികളെ കുറിച്ച് ചർച്ച നടത്തി.യോഗത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് മാനേജിങ് ഡയറക്ടർ വി.ആർ. പ്രേംകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ജെ ജോമി, റാണി ജോർജ് , ആശാ സനൽ, കെ ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസീസ് എന്നിവരും പങ്കെടുത്തു.