ഇരിട്ടി മേഖലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും സ്ഥലവും വീടും പൂർണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇരിട്ടി കിളിയന്തറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണമായി സ്ഥലവും വീടും തന്നെ ഒലിച്ചുപോയ 15 ഓളം പേർ ഇരിട്ടി മേഖലയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവരിൽ ഭൂമിയില്ലാത്തവരുടെ കാര്യവും പരിഗണിക്കും. ചില സംഘടനകളും ഗ്രാമപഞ്ചായത്തും വീട് വെക്കുന്നതിന് ആവശ്യമായ സ്ഥലം ഉൾപ്പെടെ നൽകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് സന്തോഷകരമാണ്. സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് സർക്കാർ വീട് വെച്ച് നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. വീട്ടുവാടക സർക്കാർ നൽകും.
കാലവർഷത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വലിയ കെടുതികൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി ചെയ്യുന്ന മഴ മലബാർ മേഖലയിലെ ജില്ലകളെയാകെ ബാധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ രൂക്ഷമായ കെടുതികൾ വയനാട്ടിലും കോഴിക്കോട്ടും കണ്ണൂരിലുമാണ്. ഇത് അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും. കാലവർഷക്കെടുതി കൈകാര്യം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്‌നമില്ല. എല്ലാ ജില്ലയിലും ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. അത് മതിയാകാതെ വരുന്ന മുറക്ക് ആവശ്യമായ പണം നൽകാൻ നടപടി സ്വീകരിക്കും. അടിയന്തിര ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നവർക്ക് എല്ലാ സഹായവും നൽകാനും ചികിത്സാ സഹായം ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വകുപ്പുകളും ഉണർന്ന് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഏകോപനത്തോടെ പ്രവർത്തിക്കുകയാണ്. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളെക്കുറിച്ചും ദുരിത ബാധിതരെക്കുറിച്ചും റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ സഹായം ലഭ്യമാക്കും. കൃഷിനാശവും വലുതാണ്.
മലയിടിച്ചിലുകൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവത്കരണം നൽകും. ദുരന്തബാധിത പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഉണർന്നു പ്രവർത്തിക്കുന്നത് ജനങ്ങളാണെന്നും റവന്യു മന്ത്രി പറഞ്ഞു.
കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും കിളിയന്തറയിലെ ദുരിതാശ്വാസ ക്യാമ്പും നാശനഷ്ടം സംഭവിച്ച അയ്യൻകുന്ന് വില്ലേജിലെ കച്ചേരിക്കടവും സന്ദർശിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.