സന്നദ്ധ രക്തദാന ക്യാമ്പും ഉപഹാര വിതരണവും നടന്നു
‘രക്തം ദാനം ചെയ്യൂ, ജീവൻ പങ്കുവെയ്ക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ശ്രീനാരായണ കോളേജിൽ ലോകരക്തദാതൃദിനം ആചരിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്തദാന ക്യാമ്പിലെ ആദ്യ രക്തദാനവും അദ്ദേഹം നടത്തി. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രക്തദാനമെന്നാൽ ജീവദാനം തന്നെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. അന്ധവിശ്വാസങ്ങളെ അവഗണിച്ചു കൊണ്ട് ഇന്ന് ആളുകൾ രക്തദാനത്തിന് തയ്യാറാവുന്നുണ്ട്. മാതൃകാപരമായ രക്തദാന ക്യാമ്പെയിൻ ശക്തമായ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പലയിടത്തും ആളുകളിൽ നിന്ന് നിയമവിരുദ്ധമായി രക്തം സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്ക് പറഞ്ഞു. ഇതിനെ പറ്റി പൊതുജനങ്ങൾ ബോധവാൻമാരാകണം. ഇത്തരത്തിൽ രക്തം സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തം നൽകിയ വ്യക്തികൾക്കും സന്നദ്ധ രക്തദാനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്കും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. സ്വരൂപ് (പുതിയതെരു), രഞ്ജിത്ത് (താവക്കര), അഭിഷേക് (കണ്ണൂർ നഗരം), ഡയാന എലിസബത്ത് ജോസഫ് (തളാപ്പ്), ബൈജു. പി (ചുഴലി) എന്നിവരേയും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോണേഴ്‌സ് കേരള-കണ്ണൂർ, എച്ച്.ഡി.എഫ്.സി ബാങ്ക്, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള-കണ്ണൂർ ജില്ല, ലൈഫ് ഡോണേഴ്‌സ് കേരള, അന്നപൂർണ്ണ എന്നീ സംഘടനകളേയുമാണ് ആദരിച്ചത്.
ജില്ലാ ടി.ബി ഓഫീസർ ഡോ. എം.എസ് പത്മനാഭൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത്, ജില്ലാ ആശുപത്രി സൂപ്രണ്ട് രാജീവൻ വി.കെ, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ അജയകുമാർ, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.ബി ഷാഹിദ എന്നിവർ ആശംസകൾ അർപ്പിച്ചു.
‘മറ്റൊരാൾക്കു വേണ്ടി ലഭ്യമാകുക’ (Be there for someone else) എന്നതാണ് ഈ വർഷത്തെ രക്തദാതൃദിനത്തിന്റെ പ്രമേയം. സന്നദ്ധ രക്തദാനക്യാമ്പിൽ എസ്.എൻ കോളേജിലെ 50 ഓളം വിദ്യാർത്ഥികൾ രക്തദാനം നടത്തി. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി രക്തബാങ്ക്, എസ്. എൻ.കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവർ സംയുക്തമായാണ് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.