കാസര്‍ഗോഡ്:  വനിതാ ശിശു വികസന വകുപ്പിന്റെയും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല അനീമിയ ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു. വിളർച്ച പ്രതിരോധ യജ്ഞം 2021 മായി ബന്ധപ്പെട്ട് വനിതാ ശിശു വകുപ്പ് നടപ്പിലാക്കുന്ന ക്യാംപെയിൻ-12ന്റെ ജൂലൈ മാസത്തെ പരിപാടികളുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പുമായി ചേർന്ന് മത്സ്യതൊഴിലാളികൾക്ക് ബോധവത്കരണം നടത്തിയത്. പരിപാടികൾ ജൂലൈ 31 വരെ തുടരും.
ഓരോ മാസവും 12 വരെ വിവിധതരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, കൗമാരക്കാർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളായി.

അക്വാ കൾച്ചർ കോ-ഓർഡിനേറ്റർമാർ, പ്രമോട്ടർമാർ, സാഗർമിത്ര കോ-ഓർഡിനേറ്റർമാർ എന്നിവരാണ് പരിശീലകരാവുക. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് അവധി ദിവസങ്ങളിലാണ് ബോധവത്ക്കരണം. ദിവസം, സമയം എന്നിവ അങ്കണവാടി പ്രവർത്തകർ അറിയിക്കും. ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെ കണ്ടെത്തി പ്രത്യേകം ബോധവത്കരണം നൽകും.
ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വനിതാക്ഷേമ ഓഫീസർ സുന എസ് ചന്ദ്രൻ, സാഗർ മിത്ര കോ ഓർഡിനേറ്റർ രേഷ്മ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ എം.എഫ് മുഖ്യാതിഥിയായി. അഡോളസൻസ് ഹെൽത്ത് സ്റ്റേറ്റ് ട്രെയിനർ ഡിനു എം ജോസ് ക്ലാസെടുത്തു. ഐസിഡിഎസ് ജില്ല പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് ക്രിസ്റ്റി ഉതുപ്പ് സ്വാഗതവും നാഷണൽ ന്യൂട്രിഷൻ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വിപിൻ പവിത്രൻ നന്ദിയും പറഞ്ഞു.