സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് ഡയറക്റ്റര്‍ പി. മേരിക്കുട്ടി പറഞ്ഞു. കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്തുകളുടെ ജില്ലാതല അവലോകന യോഗത്തിലാണ് പഞ്ചായത്ത് ഡയറക്റ്റര്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏത് സമയത്തും സെക്രട്ടറിമാരെ നേരിട്ട് ബന്ധപ്പെടാനാകണം. ദുരന്തമേഖലകളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ലൈഫ് മിഷനില്‍ നിര്‍മിക്കുന്ന മുഴുവന്‍ വീടുകളും ജൂണ്‍ 30 നകം പൂര്‍ത്തിയാക്കണമെന്നും ഡയറക്റ്റര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിലെ നവകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, പദ്ധതി നിര്‍വഹണ പുരോഗതി, നികുതി പിരിക്കല്‍, മാലിന്യ നിര്‍മാര്‍ജനം എന്നിവ യോഗത്തില്‍ വിലയിരുത്തി. അഡീഷനല്‍ പഞ്ചായത്ത് ഡയറക്റ്റര്‍ അജിത് കുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. സുധാകരന്‍, ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.