കൊച്ചി: കനത്ത മഴ നാശം വിതച്ച ജില്ലയിലെ വിവിധ മേഖലകളില്‍ അടിയന്തിര നടപടികളുമായി ജില്ല ഭരണകൂടം. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ ദുരിതബാധിത മേഖലകളില്‍ പുരോഗമിക്കുന്നത്.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കോതമംഗലം, മുവാറ്റുപുഴ, കുന്നത്തുനാട്, ആലുവ തുടങ്ങിയ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഭൂതത്താന്‍കെട്ടിലേക്കുള്ള റോഡ്, കോതമംഗലം ടൗണ്‍ യുപി സ്‌കൂളിലെ പുനരധിവാസ ക്യാമ്പ് എന്നിവിടങ്ങളിലാണ് കോതമംഗലത്ത് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കലുങ്ക് തകര്‍ന്ന കോതമംഗലത്ത് – ഭൂതത്താന്‍കെട്ട് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ചെറുവണ്ടികളും ഇരുചക്രവാഹനങ്ങളും കടത്തിവിടുന്നുണ്ട്. ഇന്ന് (ജൂണ്‍ 15) വൈകിട്ടോടെ പൂര്‍ണ്ണതോതില്‍ ഗതാഗതം പുനസ്ഥാപിക്കും. ഒറ്റ വരിയിലായിരിക്കും ഗതാഗതം അനുവദിക്കുക.
ഇവിടെ ഒന്നര മീറ്റര്‍ വീതിയുള്ള ഇരുമ്പ് പൈപ്പ് ഇട്ട് വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളം ഒഴുക്കിവിട്ട ശേഷം അതിനു മുകളില്‍ മെറ്റല്‍ ഉറപ്പിച്ച് ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. തകര്‍ന്ന റോഡും പ്രദേശവും ജില്ല കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോതമംഗലം തൃക്കാരിയൂര്‍ തങ്കക്കുളം ജവഹര്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 30 കുടുംബങ്ങളെ കോതമംഗലം ടൗണ്‍ യുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കോതമംഗലം ഇടമലയാര്‍ റൂട്ടില്‍ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അപ്പുറം ജംഗിള്‍ പാര്‍ക്ക് ഭാഗത്താണ് കലുങ്ക് ഇടിഞ്ഞത്. പെരിയാര്‍വാലിയുടെ നേതൃത്വത്തില്‍ ഇവിടേക്കുള്ള താല്‍ക്കാലിക പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് പെരിയാര്‍വാലി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എ.അലി പറഞ്ഞു.
മൂന്ന് ദിവസത്തോളം പുറം ലോകവുമായി ബന്ധപ്പെടാനാകാതെ കിടന്ന മണികണ്ഠംചാല്‍ കല്ലേലിമേട് പ്രദേശങ്ങളില്‍ സഹായമെത്തിച്ചതായി തഹസില്‍ദാര്‍ (എല്‍.ആര്‍) കെ.എസ് പരീത് അറിയിച്ചു. പൂയംകുട്ടി പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ ആദിവാസി ഊരുകളിലും സഹായമെത്തിച്ചു. അത്യാവശക്കാരെ പോലീസിന്റെ സഹായത്തോടെ അക്കരെയും ഇക്കരയും എത്തിക്കാനും കഴിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. വാരപ്പെട്ടി വില്ലേജിലെ ഒരു വീട് ഭാഗികമായി തകര്‍ന്നതൊഴിച്ചാല്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊന്നും സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തഹസില്‍ദാര്‍ ആര്‍.രേണു, റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കളക്ടറോടൊപ്പം ദുരിത മുഖങ്ങളില്‍ സന്ദര്‍ശനത്തി.
കുന്നത്തുനാട് താലൂക്കിലെ വേങ്ങൂരില്‍ അപകടാവസ്ഥയിലുള്ള കണിച്ചാട്ടുപാറ പാലം കളക്ടര്‍ സന്ദര്‍ശിച്ചു. മരം വന്നടിഞ്ഞ് പാലത്തിന് ക്ഷയം സംഭവിച്ചിട്ടുള്ളതിനാല്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചുവരികയാണ്. താത്കാലികമായി ഈ പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കിയിട്ടുണ്ട്. ചേലാമറ്റം വില്ലേജിലെ ഒക്കല്‍തുരുത്തിലെ 30 കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി വിതരണം ജില്ല കളക്ടര്‍ നിര്‍വഹിച്ചു. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒരു ചെറിയ ചപ്പാത്ത് മാത്രമാണ് പുറത്തേക്ക് കടക്കുവാനുള്ളത്. ഇത് വെള്ളം കയറി മുങ്ങിപ്പോയതിനാല്‍ 30 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉയര്‍ന്ന സ്ഥലമായതിനാല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയില്ല. എന്നാല്‍ ഇവടുള്ളവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ അരി വിതരണം ചെയ്തത്. ചപ്പാത്ത് ഉയര്‍ത്ത് ഉയര്‍ത്തുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജിയോ ട്യൂബുകള്‍ ഉപയോഗിച്ച് ചെല്ലാനത്ത് കടലാക്രമണം തടയാനായുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. കമ്പനിപ്പടി, ബസാര്‍ എന്നിവിടങ്ങളില്‍ മുന്നൂറോളം ജിയോ ബാഗുകള്‍ ഉപയോഗിച്ച് കടലാക്രമണം ഫലപ്രദമായി തടയുന്നുണ്ട്. കനത്തമഴയില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ ഡെല്‍റ്റ സ്‌കൂള്‍ പഴയ കെട്ടിടം തകര്‍ന്നെങ്കിലും ആളുകള്‍ക്ക് അപകടമൊന്നും ഇല്ല.
മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള രാമമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. രാമമംഗലം, ഊരമന, മാമലശ്ശേരി ഭാഗങ്ങളിലാണ് കൃഷി നാശം ഏറ്റവും കൂടുതല്‍. മേഖലയിലെ കപ്പ, വാഴ, പച്ചക്കറി കൃഷികള്‍ എന്നിവയ്ക്കാണ് തുടര്‍ച്ചയായ മഴയില്‍ നാശം നേരിട്ടത്. കൃഷി നാശത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തിയ ശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ഘട്ടത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.