ഭക്ഷ്യവിളകളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടണം: 
കൃഷിമന്ത്രി 
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ തരിശായി കിടക്കുന്ന കൈപ്പാട് പ്രദേശങ്ങളിൽ കതിര് വിളയിക്കാനുള്ള കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതിക്ക് ഔദ്യോഗികമായ തുടക്കം. ഏഴോം കോട്ടക്കീലിൽ കൃഷി മന്ത്രി അഡ്വ: വി.എസ് സുനിൽകുമാർ തരിശ്ഭൂമിയിൽ വിത്തിട്ടു.
ഭക്ഷ്യ വിളകളുടെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമാണെ് ഉദ്ഘാടനചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിയണം. സാധാരണ നെൽകൃഷി മേഖല നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പുറമെ ചതുപ്പ് നിലവും, വേലിയേറ്റ-വേലിയിറക്കങ്ങളും, വെള്ളക്കെട്ടും, നെൽക്കൃഷി മേഖലയിലേക്ക് കണ്ടൽച്ചെടി വ്യാപിക്കുന്നതും കൈപ്പാട് കൃഷി വഴിയുള്ള ഉത്പാദനം കുറയാൻ കാരണമായിട്ടുണ്ട്. കൈപ്പാടിന്റെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിന് കൃഷിസ്ഥലം കണ്ടൽ ചെടികളാൽ ചുറ്റപ്പെട്ടിരിക്കേണ്ടതാണ്. എന്നാൽ, കണ്ടൽ നെൽക്കൃഷി സ്ഥലത്തേക്ക് ഇറങ്ങിവാൽ അത് നെല്ലിന്റെ കളയായി കണ്ട് അവയെ കൈപ്പാട് ഓരങ്ങളിലേക്ക് പുരരധിവസിപ്പിക്കേണ്ടതാണ്. അതിനാൽ കണ്ടൽച്ചെടികളെയും കൃഷിയെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടം, യുവത സ്വയം സഹായ സംഘം തുടങ്ങിയവയുടെ പിന്തുണയോടെയാണ് കൃഷിയിറക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി സ്പെഷ്യൽ അഗ്രിക്കൾച്ചർ സോൺ പദ്ധതിയിലൂടെ കൈപ്പാട് കൃഷിയുടെ സമഗ്രവികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.  കൈപ്പാട് കൃഷിയിലെ പോരായ്മകളും വെല്ലുവിളികളും തരണം ചെയ്യാൻ ആവശ്യമായ പദ്ധതികൾ രൂപീകരിക്കുകയും തരിശുനിലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കുകയുമാണ് ലക്ഷ്യം. മണ്ഡലത്തിലെ ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലായി 300 ഏക്കർ തരിശുനിലത്താണ് കൃഷിയിറക്കുന്നത്.
നേരത്തേ തന്നെ ഏഴോം ഗ്രാമപഞ്ചായത്തിലെ കൈപ്പാട് മേഖലകളിൽ പരീക്ഷണാർഥം വികസിപ്പിച്ചെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്ത ഏഴോം 1, ഏഴോം 2, ഏഴോം 3, ഏഴോം 4 എന്നീ നെൽവിത്തുകളാണ് ഇവിടെയും ഇറക്കുക. പിലിക്കോട് ഉത്തരമേഖലാകാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് ഈ നെൽവിത്തുകൾ വികസിപ്പിച്ചത്.
ജനങ്ങൾക്ക് വിഷരഹിത ഭക്ഷണം ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത വി.വി, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ കെ.വി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ഹസൻ കുഞ്ഞി മാസ്റ്റർ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ്, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരൻ, ഡോ. ടി വനജ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.വി നാരായണൻ, കണ്ണോം കുളവയൽ പാടശേഖര സമിതി പ്രസിഡന്റ് കെ.വി കരുണാകരൻ, ഏഴോം കൃഷി ഓഫീസർ കെ. സതീഷ് കുമാർ, കെ. ചന്ദ്രൻ, പരാഗൻ വരയിൽ, കെ. സർഹബിൽ, കെ. അബ്ദുള്ളഹാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.