നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കാര്‍ഷിക വിഭവങ്ങള്‍ മികച്ച ലാഭം ലഭിക്കുന്ന രീതിയില്‍ ബ്രാന്റുകളായി മാര്‍ക്കറ്റിലെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മ കണ്ണൂരും സംയുക്തമായി അയ്യന്‍കുന്ന് പഞ്ചായത്തില്‍ സ്ഥാപിച്ച ജൈവ രീതിയില്‍ മാങ്ങ പഴുപ്പിക്കുന്ന റൈപ്പനിങ് ചേംബറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേംബറില്‍ നിന്ന് ജൈവ രീതിയില്‍ പഴുപ്പിച്ച ‘അയ്യന്‍കുന്ന് മാങ്കോസി’ന്റെ വിതരണോദാഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ഇതിന്റെ മാതൃകയില്‍ മറ്റ് മേഖലകളില്‍ക്കൂടി മാങ്ങപഴുപ്പിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിന്റെ സവിശേഷമായ മാമ്പഴങ്ങള്‍ പുറം വിപണിയിലെത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മാങ്ങകള്‍ ചെറിയ വിലയ്ക്ക് സംഭരിക്കുകയും അത് ഇതര സംസ്ഥാനങ്ങളിലെത്തിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിച്ച് വീണ്ടും നമ്മുടെ വിപണിയില്‍ തന്നെ എത്തിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം കൃഷി വകുപ്പ് ഒരു കോടി വിത്തുപാക്കറ്റുകളും രണ്ട് കോടി പച്ചക്കറി തൈകളും വിതരണം ചെയ്തിട്ടുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ നമ്മള്‍ തന്നെ കൃഷി ചെയ്യണം. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് കേരളത്തിനാവശ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ പച്ചക്കറിയുടെ ഉല്‍പ്പാദനം 6.5 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 10.8 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സണ്ണി ജോസഫ് എം എല്‍ എ, അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍ പി പി, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി കെ ലളിത, കണ്ണൂര്‍ ആത്മ പ്രൊജക്ട് ഡയരക്ടര്‍ സതീഷ് കുമാര്‍ കെ പി, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.