കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ റോഡുകളുടെ വികസന നടപടികൾ വേഗത്തിലാക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പേരാമ്പ്ര-ചെമ്പ്ര റോഡ്‌, പൈതോത്തു റോഡ് – താനിക്കണ്ടി റോഡ്, വടക്കുംപാട് – വഞ്ചിപ്പാറ റോഡ് എന്നിവയുടെ പ്രവർത്തി അതിവേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

പേരാമ്പ്ര ബൈപാസിൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. ആദ്യഘട്ടത്തിൽ ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി ലെവലിങ് പൂർത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മരം മുറിച്ചു മാറ്റുന്നതടക്കമുള്ള പ്രവർത്തികൾ ഉണ്ടാകണമെന്നും. ഇതിനു വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു.

പേരാമ്പ്ര നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കേരള സർക്കാർ റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപറേഷൻ മുഖേന പ്രാവർത്തികമാക്കുന്ന പേരാമ്പ്ര ബൈപ്പാസ് 47.29 കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലും നൊച്ചാട് പഞ്ചായത്തിലുമായി നടന്ന യോഗങ്ങളിൽ ആർ.ബി.ഡി.സി, യു.എൽ.സി.സി, വാട്ടർ അതോറിറ്റി, കുറ്റിയാടി ഇറിഗേഷൻ, കെ എസ് ഇ ബി, ടെലിഫോൺ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.