കോഴിക്കോട്: പേരാമ്പ്ര മണ്ഡലം ടൂറിസം വികസനവും സാധ്യതകളും ചർച്ച ചെയ്യുന്നതിന് ടി പി രാമകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ചേർന്നു. പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രസിഡൻ്റുമാരോട് എംഎൽഎ നിർദ്ദേശിച്ചു. ഇത്തരം ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച ചെയ്ത് അംഗീകരിച്ച റിപ്പോർട്ട് രണ്ട് ആഴ്ച്ചക്കകം ടൂറിസം വകുപ്പിന് കൈമാറാൻ യോഗത്തിൽ തീരുമാനിച്ചു.

അനന്തമായ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് പേരാമ്പ്ര. ഇത്തരം പ്രദേശങ്ങളെ കണ്ടെത്തി ടൂറിസം കേന്ദ്രങ്ങളായി ഉയർത്തണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിൽ ശ്രദ്ധ ചെലുത്തണം. പരമ്പരാഗത തൊഴിൽ, സാംസ്കാരിക, സാമൂഹിക കേന്ദ്രങ്ങൾ, പ്രകൃതി രമണീയമായ സ്ഥലങ്ങൾ എന്നിവ തുടങ്ങി ഓരോ തദ്ദേശ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തി അവയുടെ സാധ്യത പരിശോധിക്കണമെന്നും നൊച്ചാട് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎ പറഞ്ഞു. യോഗത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരും ടൂറിസം വകുപ്പ് അധികൃതരും പങ്കെടുത്തു.