കോഴിക്കോട്:സംസ്ഥാനത്ത് പുതിയ കായിക നയം രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക – വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക നയത്തിന്റെ ഭാഗമായി പ്രാദേശിക തലങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിക്കും. താഴെ തട്ടിലുള്ള കായിക സംബന്ധമായ പ്രശ്നങ്ങളെ വിശകലനം ചെയ്ത് രൂപരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്പോർട്സ് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ റീജ്യണൽ സ്പോർട്സ് ഡയറക്ട്രേറ്റ് സ്ഥാപിക്കും. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനവും നിർമ്മാണ പ്രവർത്തനങ്ങളുടെ അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ടുകൊണ്ട് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കും.

ദീർഘകാല, ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കൊണ്ട് സ്പോർട്സ് രംഗത്ത് അന്തരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കാർ ശ്രമം നടത്തും. കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ കായിക പരിശീലനം നൽകി കായികക്ഷമത വർധിപ്പിക്കാൻ പരിശീലനം നൽകുകയും ഇതുവഴി പുതിയൊരു കായിക സംസ്ക്കാരം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാർ 1000 കോടി രൂപയാണ് കായിക മേഖലയ്ക്കായി വകയിരുത്തിയത്. സ്റ്റേഡിയം നിർമ്മാണം, സിന്തറ്റിക് ട്രാക്ക് നിർമാണം, സ്വിമ്മിംഗ്പൂൾ തുടങ്ങി വിവിധ പദ്ധതികളുടെ നിർമ്മാണം നടന്നു വരികയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മന്ത്രിമാരായ വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് സ്വീകരണവും നൽകി. എം. എൽ. എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാകലക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി, എ.ഡി.എം സി. മുഹമ്മദ്‌ റഫീഖ്, സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ, സെക്രട്ടറി എസ്.സുലൈമാൻ, സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.