കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി നാളെ(ജൂലൈ 15) അവസാനിക്കും. ഇതിനു ശേഷവും പി.എച്ച്.എച്ച്(പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ്(നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരും .

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്നും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇന്നലെ(ജൂലൈ 13) വരെ ജില്ലയില്‍ 4618 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 2428 കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍.പി.എസ് വിഭാഗത്തിലെ 1647 കാര്‍ഡുകളും എ.എ.വൈ വിഭാഗത്തിലെ 543 കാര്‍ഡുകളുമുണ്ട്.