കണ്ണൂര്‍: കൊമ്മേരി ആടുവളര്‍ത്തല്‍ ഫാമില്‍ ജോണിസ് രോഗം ബാധിച്ച ആടുകളെ ദയാവധം നടത്തണമെന്ന മേഖല രോഗ നിര്‍ണ്ണയ ലബോര്‍ട്ടറി നിര്‍ദേശം പുനപരിശോധിക്കണമെന്നും ഫാമിന്റെ അവസ്ഥ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ദയാവധ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വിദഗ്ദ സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തീരുമാനങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജോണിസ് രോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് തുടരുന്ന പ്രോട്ടോകോള്‍ അനുസരിച്ചാണ് ദയാവധം നിര്‍ദേശമുണ്ടായത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, സെക്രട്ടറി വി ചന്ദ്രന്‍, മൃഗസരംക്ഷണ ഓഫീസ് ഡി ഡി ഡോ ജാന്‍സി സി കാപ്പന്‍, ഡോ കെ ജെ വര്‍ഗ്ഗീസ്, ഡോ വി പ്രശാന്ത്, ഡോ ബീറ്റു ജോസഫ്, ഡോ പി പത്മരാജ്, ഡോ പി വി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.