കാസര്‍ഗോഡ്:  ആവിക്കര, ഗാർഡൻ വളപ്പ് വടകരമുക്ക് തുടങ്ങി റെയിൽവേ ലൈൻ പടിഞ്ഞാറ് വശത്ത് നിന്ന് മഴവെള്ളം ഒഴുകി കടലിൽ പതിക്കുന്ന മീനാപ്പീസ് കടപ്പുറത്ത് രൂപപ്പെട്ട മണൽത്തിട്ട കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ ഇടിച്ച് നിരത്തി വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. മണൽത്തിട്ട രൂപപ്പെട്ടത് കാരണം മഴവെള്ളത്തിന്റെ ഒഴുക്ക് ദിശമാറി കരയിടിച്ചിലും തെങ്ങുകൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ അനീശന്റെ നേതൃത്വത്തിൽ സ്ഥല സർശനം നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് 15 മീറ്ററോളം ഉയരത്തിലുള്ള മണൽത്തിട്ട നീക്കം ചെയ്യുകയും നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി അഹമ്മദലി, കൗൺസിലർമാരായ കെ.കെ. ജാഫർ, ടി.വി. സുജിത്ത് കുമാർ, നഗരസഭ അസി. എഞ്ചിനീയർ റോയി മാത്യു എന്നിവർ നേതൃത്വം നൽകി.