എറണാകുളം: കോവിഡ് 19 രോഗവ്യാപന നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലിയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ (ടി.പി.ആര്‍) നാല് വിഭാഗങ്ങളായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ടി.പി.ആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. കുന്നത്തുനാട്, പാലക്കുഴ, ആരക്കുഴ, അയ്യമ്പുഴ, പൂതൃക്ക എന്നിവയാണ് ഇവ. ഈ വിഭാഗം മേഖലകളില്‍ ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്നുപ്രവര്‍ത്തിക്കാവുന്നതും പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതുമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാം.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഹോം സ്റ്റേകള്‍, മറ്റു താമസ യൂണിറ്റുകള്‍ എന്നിവ ഇന്ത്യ ഗവണ്‍മെന്‍റ് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കാം. ഇവിടെ ജോലിചെയ്യുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം. ടൂറിസ്റ്റുകള്‍ ആദ്യ ഡോസ് വാക്സീന്‍ എടുത്തതിന്‍റെ രേഖകളോ 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കും. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്രചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ബാറുകളിലും ബിവറേജസ് ഔട്ട് ലറ്റുകളിലും പാഴ്സല്‍ സൗകര്യം മാത്രം അനുവദിക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ്, ഗെയിമുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ നോണ്‍ എ.സി ഹാളില്‍ പരമാവധി 20 പേരെ ഉള്‍പ്പെടുത്തി നടത്താവുന്നതാണ്. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദിക്കും. അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈകീട്ട് എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്രചെയ്യാം.

രോഗസ്ഥിരീകരണ നിരക്ക് അഞ്ചിനും പത്തിനും ഇടയിലുള്ള ബി. കാറ്റഗറിയില്‍ ജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. ഉദയംപേരൂര്‍, മലയാറ്റൂര്‍ നീലേശ്വരം, കടുങ്ങല്ലൂര്‍, വേങ്ങൂര്‍, ഇടവനക്കാട്, നോര്‍ത്ത് പറവൂര്‍, കറുകുറ്റി, കല്ലൂര്‍ക്കാട്, തിരുവാണിയൂര്‍, പിറവം, കൊച്ചി, പെരുമ്പാവൂര്‍, മണീട്, നെടുമ്പാശ്ശേരി, മഞ്ഞപ്ര, കളമശ്ശേരി, കുമ്പളങ്ങി, കുഴുപ്പിള്ളി, ആലുവ, തിരുമാറാടി, കിഴക്കമ്പലം, ചേരാനെല്ലൂര്‍, എടക്കാട്ടുവയല്‍, വടവുകോട് – പുത്തന്‍കുരിശ്, പോത്താനിക്കാട്, പാമ്പാക്കുട, കുന്നുകര, അയിക്കരനാട്, ഏലൂര്‍, മാറാടി, ആമ്പല്ലൂര്‍, ഇലഞ്ഞി, കടമക്കുടി, കൂത്താട്ടുകുളം.
ഇവിടങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാം.

ഓട്ടോറിക്ഷ സര്‍വീസ് അനുവദിക്കും. ഓട്ടോ റിക്ഷയില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഹോം സ്റ്റേകള്‍, മറ്റു താമസ യൂണിറ്റുകള്‍ എന്നിവ ഇന്ത്യ ഗവണ്‍മെന്‍റ് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കാം. ഇവിടെ ജോലിചെയ്യുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം. ടൂറിസ്റ്റുകള്‍ ആദ്യ ഡോസ് വാക്സീന്‍ എടുത്തതിന്‍റെ രേഖകളോ 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാറുകളിലും ബിവറേജസ് ഔട്ട് ലറ്റുകളിലും പാഴ്സല്‍ സൗകര്യം മാത്രം അനുവദിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ്, ഗെയിമുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ നോണ്‍ എ.സി ഹാളില്‍ പരമാവധി 20 പേരെ ഉള്‍പ്പെടുത്തി നടത്താവുന്നതാണ്. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദിക്കും.

അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈകീട്ട് എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ സഹിതം യാത്രചെയ്യാം. അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈകീട്ട് എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം.

രോഗസ്ഥിരീകരണ നിരക്ക് പത്തിനും പതിനഞ്ചിനും ഇടയിലുള്ള സി കാറ്റഗറിയില്‍ 35 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. കീരമ്പാറ, കോട്ടപ്പടി, വാരപ്പെട്ടി, കീഴ്മാട്, വാളകം, കരുമാലൂര്‍, തുറവൂര്‍, കാലടി, മരട്, മൂവാറ്റുപുഴ, രായമംഗലം, ആയവന, എടത്തല, അശമന്നൂര്‍, ആലങ്ങാട്, മഞ്ഞള്ളൂര്‍, ആവോലി, ചിറ്റാറ്റുകര, കോട്ടുവള്ളി, മുടക്കുഴ, പാറക്കടവ്, മഴുവന്നൂര്‍, വടക്കേക്കര, വരാപ്പുഴ, മൂക്കന്നൂര്‍, രാമമംഗലം, ചെങ്ങമനാട്, തൃപ്പൂണിത്തുറ, ഒക്കല്‍, വെങ്ങോല, ചോറ്റാനിക്കര, ചേന്ദമംഗലം, മുളന്തുരുത്തി, അങ്കമാലി, പായിപ്ര എന്നിവയാണ്.

രോഗസ്ഥിരീകരണ നിരക്ക് 15ന് മുകളിലുള്ള അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയില്‍ 22 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. നായരമ്പലം, ചെല്ലാനം, കുട്ടമ്പുഴ, ചൂര്‍ണ്ണിക്കര, പല്ലാരിമംഗലം, കവളങ്ങാട്, നെല്ലിക്കുഴി, വാഴക്കുളം, ശ്രീമൂല നഗരം , പൈങ്ങോട്ടൂര്‍, കൂവപ്പടി, പിണ്ടിമന, ഞാറക്കല്‍, മുളവുകാട്, പള്ളിപ്പുറം, എളങ്കുന്നപ്പുഴ, കാഞ്ഞൂര്‍, കോതമംഗലം, കുമ്പളം, പുത്തന്‍വേലിക്കര, ഏഴിക്കര, തൃക്കാക്കര എന്നിവയാണ് ഇവ.

ഇവിടങ്ങളില്‍ അടിയന്തര അവശ്യസേവനങ്ങളില്‍പ്പെട്ട കേന്ദ്ര, സംസ്ഥാന, സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യാം. അടിയന്തര അവശ്യസേവനത്തില്‍പ്പെടുന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലേയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. അവശ്യസേവന വിഭാഗത്തില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.

ഇത്തരം സ്ഥാപനങ്ങള്‍ കഴിവതും ഹോ ഡെലിവറി സേവനം പ്രോത്സാഹിപ്പിക്കണം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ-പൊതു യാത്രാവാഹനങ്ങള്‍ മതിയായ യാത്രാരേഖകളോടെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അനുവദിക്കും.

രോഗികള്‍ അവരുടെ സഹായികള്‍ വാകിസിനേഷന് പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യാത്രചെയ്യണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി അനുവദിക്കും. ലോക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതിപത്രമോ ഉപയോഗിച്ച് യാത്രചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒയുടെ അനുമതി വേണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.