ജില്ലയില്‍ വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്
ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
മേത്തലയില്‍ കാറ്റിനെതുടര്‍ന്ന് വീട്ടുപറമ്പിലെ പുളിമര ചില്ല തലയില്‍ വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു.
മേത്തല പി.എച്ച്.എസിക്കു സമീപം താമസിക്കുന്ന താണിയത്ത് സുരേഷ് (55) ആണ് മരിച്ചത്. പുത്തൂര്‍
കൈനൂര്‍ വില്ലേജിലെ ഏഴാംകല്ലില്‍ മണ്ണിടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍. കളപുരയ്ക്കല്‍ മനോജ്, മുട്ടങ്കുല്‍ ജിമ്മി എന്നിവരുടെ വീടുകളാണ് തകര്‍ച്ച ഭീഷണി നേരിടുന്നത്. വീടിന് പുറകുവശത്തെ ഉയര്‍ന്ന ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് മണ്ണും പാറക്കല്ലുകളും വീടിനോട് മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ബാബു സേവ്യര്‍, കൈനൂര്‍ വില്ലേജിന്റെ ചുമതലയുളള വില്ലേജ് ഓഫീസര്‍ സി എന്‍ സിമി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍െ്‌റ എല്ലാ ഷട്ടറുകളും തുറന്നു. അതിരപ്പിള്ളി, പരിയാരം, ചാലക്കുടി മുനിസിപ്പാലിറ്റി, മാള, കുഴൂര്‍, മേലൂര്‍, അന്നമനട, കടുകുറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ പുഴയിലിറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കളക്്ടര്‍ അറിയിച്ചു.

ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ 2.1 എക്കറില്‍ 16.85 ലക്ഷം രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേത്തല വില്ലേജില്‍ കോഴിപറമ്പില്‍ സരസ്വതിയുടെ വീട് പൂര്‍ണമായി തകര്‍ന്നു.തലപ്പിള്ളി താലൂക്കില്‍ തെക്കുംകര കൃഷ്ണകുമാര്‍, പുതുരുത്തി വില്ലേജ് പെരുന്നെല്ലി വീട്ടില്‍
പാറുകുട്ടിയമ്മ, തൃശൂര്‍ താലൂക്ക് വെളുത്തൂര്‍ വില്ലേജില്‍ എടവഴിക്കല്‍ ഗീത, മുകുന്ദപുരം താലൂക്ക് നെല്ലായി വില്ലേജില്‍ ധന്യ, മുല്ലത്തടം ഹരിദാസ്, തകയില്‍ രവി, ലീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.നിലവില്‍ 32000 രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് താലൂക്ക് എളവള്ളി വില്ലേജില്‍ സുധാകരന്‍െ്‌റ കിണര്‍ ഇടിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പീച്ചി ഡാമില്‍ 68.99 മീറ്ററും ചിമ്മിനി ഡാമില്‍ 55.10 മീറ്ററും വാഴാനി ഡാമില്‍ 50. 78 മീറ്ററുമാണ് ജലനിരപ്പ്.