എറണാകുളം: കവളങ്ങാട് കന്നുകാലികൾക്കു നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കർശന നടപടി സ്വീകരിക്കാനും
സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ് പി സി എ ) ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് ഊന്നുകൽ പൊലീസിന് നിർദ്ദേശം നൽകി.

ചെയർമാൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം കവളങ്ങാട്
തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് സന്ദർശനം നടത്തി.

എസ് പി സി എ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രദേശവാസികളായ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് നേരെ ആറ് മാസത്തിലധികമായി നിരന്തരമായി ആക്രമണം തുടങ്ങിയിട്ട്. ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെയും ഉടമസ്ഥരായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവരെയും സംഘം സന്ദർശിച്ചു.

ജില്ല വെറ്റിനറി ലാബ് ഓഫീസർ ഡോ. ഐശ്വര്യ ആർ. വേണുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വെറ്റിനറി ഡോക്ടർമാരുടെ സംഘം ആഡിഡ് വീണ് പരിക്കേറ്റ കന്നുകാലികളെ പരിശോധിച്ച് മരുന്ന് നൽകി.

എസ് പി സി എ നിയമനടപടി കർശനമാക്കുമെന്നും ചെയർമാൻ പറഞ്ഞു.
50,000 രുപയും 3 വർഷം തടവും ലഭിക്കുന്ന കുറ്റമാണ്. മൃഗങ്ങൾക്ക് നേരെയുളള അക്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

പരിക്കേറ്റ കന്നുകാലികൾക്ക് തുടർ ചികിത്സ ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

പ്രദേശത്ത് കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി പൊലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ , വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൗമ്യ ശശി പഞ്ചായത്ത് അംഗം രാജേഷ് കുഞ്ഞുമോൻ ,
ഊന്നുകൽ എസ് ഐ പി.സുരേഷ്കുമാർ, ജില്ല എസ് പി സി എ സെക്രട്ടറി സജീവ്. ടി.കെ.
വെറ്റിനറി ഡിപ്പാർട്ട്മെന്റ് കോതമംഗലം താലുക്ക് കോർഡിനേറ്റർ ഡോ. മെർലിൻ, ഊന്നുകൽ സീനിയർ വെറ്റിനറി സർജൻ ഡോ. രാജേശ്വരി ,
എസ് പി സി എ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ഇഖ്ബാൽ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വാർഡ് വികസന സമിതി അംഗങ്ങളായ പി എം എ കരീം, പി എ ഷാജഹാൻ, തങ്കച്ചൻ പൗൗലോസ്,
എന്നിവരും സന്നിഹിതരായിരുന്നു.

ആസിഡ് ആക്രമണത്തിനിരയായ കന്നുകാലികളെ ജില്ലാ പശ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.