ഇ.എം.സിയിൽ സ്ഥാപിച്ച എൻ.എ.ബി.എൽ (NABL) അക്രെഡിറ്റേഷനുള്ള എനർജി മീറ്റർ കാലിബറേഷൻ ലബോറട്ടറി വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇ.എം.സി. ലാബ് പ്രയോജനം ചെയ്യുമെന്നും വൈദ്യുതി മേഖലയ്ക്ക് അത് മുതൽകൂട്ടാകുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

ഉയർന്ന ആക്വറസി ക്ലാസ്സോടു കൂടിയ (0.1 ആക്കുറസി) ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാലിബറേഷൻ ലാബ്, ഇന്ത്യൻ സ്റ്റാൻഡേർഡ് IS/IEC 17025: 2017 പ്രകാരമാണ് പ്രവർത്തിക്കുന്നത്. സേളാർ മേഖലയിൽ ഉപയോഗിക്കുന്ന സിംഗിൾ ഫേസ്, ത്രീഫേസ് നെറ്റ് മീറ്ററുകൾ, മറ്റ് സിംഗിൾ ഫേസ്, ത്രീ ഫേസ്, ട്രൈ വെക്ടർ മീറ്ററുകൾ മുതലായവ ഇവിടെ കാലിബറേറ്റ് ചെയ്തു കൊടുക്കും. ഉപഭോക്താക്കൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് മീറ്റർ കാലിബറേഷനായുള്ള അപേക്ഷകൾ സമർപ്പിക്കുകയും കാലിബറേഷൻ ഫീസ് അടയ്ക്കുകയും ചെയ്യാം. നിലവിൽ ഒരു ദിവസം 20 സിംഗിൾ ഫേസ് മീറ്ററുകൾ /10 ത്രീ ഫേസ് മീറ്ററുകൾ കാലിബറേഷൻ നടത്തി സർട്ടി ഫിക്കറ്റുകൾ നൽകും.

ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി. അശോക് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ സ്വാഗതം പറഞ്ഞു. കെ. എസ്. ഇ. ബി. എൽ സി. എം. ഡി എൻ. എസ്. പിള്ള, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സി. അനിൽ കുമാർ, അനെർട്ട് സി. ഇ. ഒ. അനീഷ് പ്രസാദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഇ. എം. സി. ജോയിന്റ് ഡയറക്ടർ ഇൻ ചാർജ്ജ് ദിനേഷ് കുമാർ എ. എൻ നന്ദി പറഞ്ഞു.