കോഴിക്കോട്: ജില്ലയിൽ ടി.പി.ആറും പ്രതിദിന രോഗബാധിതരും വർധിക്കുന്നു. 54 ദിവസങ്ങൾക്കു ശേഷം ജില്ലയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 2000 കടന്നു. ( ജൂലൈ 14) 2022 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ബുധനാഴ്ചയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15.41 ശതമാനമാണ്. മെയ്‌ 28ന് ആയിരുന്നു മുൻപ് ടിപിആർ 15 ശതമാനത്തിന് മുകളിലെത്തിയത്.

മെയ്‌ 21നു 2383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ക്രമേണ പ്രതിദിന കേസുകൾ കുറഞ്ഞു വന്നിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും പ്രതിദിന രോഗികളുടെ എണ്ണം 500നു താഴെ വരെ എത്തിച്ചിരുന്നു. ലോക്‌ ഡൗൺ ഇളവുകൾ വന്നതിന് ശേഷം ജില്ലയിൽ ക്രമാതീതമായി കേസുകൾ കൂടി വരികയാണ്.

ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് ആറിന് 5704 പേര്‍ക്കായിരുന്നു. മെയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.9 ശതമാനം രേഖപെടുത്തിരുന്നു.

ജൂൺ മാസം രോഗബാധിതരുടെ എണ്ണം കുറഞ്ഞു വന്നിരുന്നു. ജൂണിൽ 14 ദിവസം 1000ന് താഴെയായിരുന്നു പ്രതിദിന പോസിറ്റീവ് കേസുകൾ. ജൂലൈയിൽ രണ്ടു ദിവസമൊഴികെ 1000ന് മുകളിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും വർധിക്കുകയാണ്.ജില്ലയിൽ കൂടുതൽ പേർ ചികിത്സയിലുണ്ടായിരുന്നത് മെയ്‌ ഏഴിനായിരുന്നു.

53,244 പേരാണ് ആശുപത്രികളിലും വീടുകളിലുമായി അന്ന് ചികിത്സയിലുണ്ടായിരുന്നത്. നിലവിൽ 16,482 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതുവരെ 3,28,392 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 3,10,452 പേർക്ക് രോഗം ഭേദമായി. 26,33,382 പേർ ഇതുവരെ പരിശോധനക്ക് വിധേയരായി. 1458 പേരുടെ മരണവും റിപ്പോർട്ട്‌ ചെയ്തു.

നിലവിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് പ്രകാരം എട്ടു തദ്ദേശ സ്ഥാപനങ്ങൾ 30 ശതമാനത്തിന് മുകളിലാണ്. നരിക്കുനി 52.29 , കിഴക്കോത്ത് 47.14 , ഒളവണ്ണ 38.17 , നരിപ്പറ്റ 35.71 , വാണിമേൽ 34.72 , കൊടിയത്തൂർ 34.15 , ചങ്ങരോത്ത് 32.56 , ചെക്യാട് 31.65 ശതമാനം വീതമാണ് ടി പി ആർ രേഖപ്പെടുത്തിയത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ 14.23 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.