നവകേരള കുതിപ്പില്‍ പശ്ചാത്തല സൗകര്യ വികസനം
അത്യന്താപേക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പില്‍ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ കീഴില്‍ റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി പത്തനംതിട്ടയിലെ ആറ് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മുട്ടത്തുകോണം എസ്.എന്‍.ഡി.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ടി.പിയാണ് ഈ റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്. റോഡ് വീതികൂട്ടല്‍ മാത്രമല്ല, പാലങ്ങളുടെ പുനര്‍നിര്‍മ്മാണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കല്‍, നടപ്പാത, ബസ് ഷെല്‍ട്ടര്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങി വിവിധ അനുബന്ധ പ്രവൃത്തികളും നടക്കും. ഇവയാകെ പൂര്‍ത്തീകരിച്ചുകൊണ്ടാകും ഈ റോഡുകള്‍ തുറന്നു കൊടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളത്തിനായി പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്. ഇതിനായി സംസ്ഥാനം ധാരാളം നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആവശ്യമായ പിന്തുണ നല്‍കാമെന്ന് പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉറപ്പുനല്‍കിയിട്ടുണ്ട്. റോഡുകളുടെ വികസനം സംസ്ഥാനത്തു കൂടിയേതീരൂ. അതു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാനും കഴിയുന്ന രീതിയില്‍ ഏറ്റെടുക്കുന്ന നിര്‍നിര്‍മ്മാണ പ്രവൃത്തികളാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗതാഗതത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്ന കോര്‍ റോഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രീകരിച്ചാണ് റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, ദീര്‍ഘകാലം നിലനില്‍ക്കുന്ന രീതിയിലുള്ള പുനര്‍നിര്‍മ്മാണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും നിര്‍മ്മാണോദ്ഘാടനം നടത്തുന്ന എല്ലാ റോഡുകളുടെ കാര്യത്തിലും ഇതേ മാനദണ്ഡം തന്നെയാണു സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുമായി വളരെയധികം അടുത്തിടപഴകുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. അതിനാല്‍ പൊതു ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന മുദ്രാവാക്യമാണ് പൊതുമരാമത്തു വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. അത് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. റിംഗ് റോഡ് എന്ന പേരില്‍ ആരംഭിച്ച തത്സമയ ഫോണ്‍-ഇന്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റോഡിന്റെ ഫോട്ടോ എടുത്ത് പരാതികള്‍ അറിയിക്കാന്‍ കഴിയുന്ന പി.ഡബ്ല്യൂ.ഡി ഫോര്‍ യു എന്ന ആപ്പും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നു ബോധ്യപ്പെടുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കലാണ് റോഡ് സംരക്ഷണത്തില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം മൂവായിരം കോടി രൂപയ്ക്കടുത്ത് ബാധ്യത കേരളത്തിനുണ്ടെന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമായെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകൂ. ഇതിനായി ഒരു വെബ്‌പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട-അയിരൂര്‍, മുട്ടുകുടുക്ക- ഇല്ലത്ത് പടി, മുട്ടുകുടുക്ക-പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നിക്കുഴി- തോന്ന്യാമല റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ചടങ്ങില്‍ പൊതുരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പങ്കെടുത്തു.
റോഡുകളുടെ ശിലാഫലക അനാച്ഛാദനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി രവീന്ദ്രന്‍, മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. സജികുമാര്‍, ബിജു ആലുംകുറ്റി, ടി.ടി ജോണ്‍സണ്‍, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി.ഡിക്രൂസ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്‍.ബിന്ദു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റോജി പി. വര്‍ഗീസ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റോമി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.