സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൊച്ചിമെട്രോയുടെ കാക്കനാട് എക്‌സ്റ്റെൻഷനുള്ള ഭൂമി ഏറ്റെടുക്കൽ ഓഗസ്റ്റ് 31നകം പൂർത്തിയാക്കും. മെട്രോ പദ്ധതിയുടെ റെയിൽവെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെന്നൈയിലെ റയിൽവേ ചീഫ് ജനറൽ മാനേജറുമായി ഉടൻ ചർച്ച ചെയ്യും. കൊച്ചി വാട്ടർമെട്രോയുടെ ട്രയൽ റൺ ജൂലൈ 23ന് നടത്തും. ഓഗസ്റ്റ് 15 ഓടെ ഇതിന്റെ ഉദ്ഘാടനം നടത്താനാകും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷൻ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ അർബൻ ഡെവലപ്പ്‌മെൻറ് ആൻറ് വാട്ടർ ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം ഔട്ടർ റിങ്‌റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് ഓക്ടോബറോടെ കിറ്റ്‌കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ടെക്‌നോ പാർക്ക് കൂടി ചേർത്ത് വിശദ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉൾപ്പെടെ നടത്തി ദേശീയ ജലപാതയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി . ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.