സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ ഉഴറുന്ന കുടുംബങ്ങളെ കണ്ടെത്താൻ സംഘടിപ്പിക്കുന്ന വിപുലമായ സർവേ നാലരമാസം കൊണ്ട് പൂർത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയർത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള മാർഗരേഖ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും നോഡൽ ഓഫീസറെ മന്ത്രിസഭായോഗം നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

അതി ദാരിദ്ര്യത്തിലുഴറുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാൻ സർക്കാർ തയാറാക്കി കഴിഞ്ഞു. പൈലറ്റ് സർവേ നടത്തി പിഴവുകൾ പരിഹരിച്ചാണ് വിപുലമായ സർവേയിലേക്ക് സർക്കാർ പോവുക. പങ്കാളിത്ത രീതിയിൽ ഉപഭോക്താക്കളെ കണ്ടെത്തും. സംസ്ഥാനതലത്തിൽ സർവേ എകോപിപ്പിക്കാനും പദ്ധതി ക്ഷമത മോണിറ്റർ ചെയ്യുന്നതിനും നോഡൽ ഓഫീസർ നേതൃത്വം നൽകുന്ന സമിതി ഉണ്ടാവും. തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡുതലത്തിലും ഏകോപന സമിതികൾ ഉണ്ടാവും. സർവേയുടെ നടത്തിപ്പിന് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റവും മൊബൈൽ ആപ്പും ഉപയോഗിക്കും. ഓരോ പ്രദേശത്തെയും അതി ദാരിദ്ര്യ വിഭാഗത്തിലുള്ളവരെ അതാത് ഗ്രാമ, വാർഡ് സഭകൾ അംഗീകരിച്ച് ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.

ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റിൽ അർഹതയുള്ളവർ മാത്രമേ ഉള്ളു എന്ന് സർക്കാർ ഉറപ്പുവരുത്തും. വിശാലമായ തലത്തിൽ കുടുംബങ്ങളെയും ജീവിതങ്ങളെയും പരിഗണിച്ചാവും ഉപഭോക്തൃലിസ്റ്റും പരിഹാര പ്രക്രിയകളും ഉണ്ടാവുക. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും കുടുംബങ്ങളെ തിട്ടപ്പെടുത്തുക. അറുപത് വയസുകഴിഞ്ഞ വയോധികരുള്ള കുടുംബങ്ങൾ, ഒരു വരുമാനവും ഇല്ലാത്തവർ, ഗുരുതരമായ രോഗങ്ങൾ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, അനാഥരായ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങൾ, കേരളത്തിൽ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങൾ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താൽ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാൻ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയിലൂടെ സാധിക്കും. പട്ടികജാതി-പട്ടിവർഗ, മത്സ്യ തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രർ എന്നിവർക്ക് പ്രത്യേക പരിഗണന സർവേയിലുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.

പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കാനാവശ്യമായ ഇടപെടലാണ് സർക്കാർ നടത്തുക. അതിനായി വരുന്ന ചെലവും എന്തൊക്കെയാണ് ആവശ്യങ്ങളെന്നുള്ളതും സംബന്ധിച്ച് വിശദമായ സൂക്ഷ്മതല ആസൂത്രണ രേഖ തയ്യാറാക്കും. ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട നിലവിലുള്ള സ്‌കീമുകളും പുതുതായി ആവശ്യമുള്ള സ്‌കീമുകളുമൊക്കെ സംയോജിപ്പിച്ച് യഥാർത്ഥ ലക്ഷ്യത്തിലേക്ക് സർക്കാർ കുതിക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു.

നമ്മുടെ ചുറ്റുപാടിലുള്ള ചില കുടുംബങ്ങൾക്ക് ജോലി ചെയ്യാനും വരുമാനം ആർജ്ജിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാവും. അത്തരത്തിലുള്ളവർക്ക് മാസം തോറും സഹായം ലഭ്യമാക്കേണ്ടി വരും. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സർക്കാർ ഉറപ്പുവരുത്തും. അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും ഇവരെ പൂർണ്ണമായി മോചിപ്പിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഇത് ജനപക്ഷ ബദൽ വികസനത്തിന്റെ മറ്റൊരു മുന്നേറ്റമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.