കണ്ണൂര്‍:ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കെത്തുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ എംഎല്‍എമാരുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരെയും കൃഷി ഉള്‍പ്പെടെയുള്ള ജീവനോപാധികളെയും സംരക്ഷിക്കുന്നതിനും വനാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആനമതില്‍, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ തുടങ്ങും. കൂടുതല്‍ വനം വകുപ്പ് ജീവനക്കാരെ നിയമിക്കാനും അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കും. പ്രളയത്തിലും ആനകളുടെ ആക്രമണത്തിലും തകര്‍ന്ന ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ സാമൂഹിക വനവല്‍ക്കരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ പി മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ വന്യമൃഗ ശല്യം ആളുകളുടെ ജീവനെടുക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ഇവയ്ക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതോടൊപ്പം ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ ആരായണം. കര്‍ണാടകത്തില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് വനാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ പറഞ്ഞു.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ പ്രദേശങ്ങളില്‍ ചെറുകാടുകള്‍ വളരുന്നതും ഭക്ഷ്യമാലിന്യങ്ങള്‍ പ്രദേശങ്ങളില്‍ വലിച്ചെറിയന്നതും വന്യമൃഗങ്ങളുടെ ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രദേശവാസികളും സ്ഥലമുടമകളും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. വന്യമൃങ്ങളെ ആകര്‍ഷിക്കുന്ന ചക്ക, കശുവി കൃഷികള്‍ ഒഴിവാക്കി മറ്റ് കൃഷികളിലേക്ക് മാറണം. മഴയ്ക്കു മുമ്പും മഴ മാറിയ ശേഷവും റോഡരികുകളിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റുന്നത് വന്യമൃഗ ആക്രമണം തടയാന്‍ ഏറെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.