* വ്യക്തികൾ ശ്രദ്ധിച്ചാൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണൂ
* സ്വയം ചികിത്സിക്കരുത്, ആരോഗ്യകേന്ദ്രത്തിലെത്തുക

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ അസുഖങ്ങൾ വരാനുള്ള സാധ്യത മുന്നിൽകണ്ട് പൊതുജനങ്ങൾ കരുതലോടെ പ്രവർത്തിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.  വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപിത്തം തുടങ്ങിയ ജലജന്യരോഗങ്ങൾ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, ജപ്പാൻജ്വരം, മന്ത് തുടങ്ങിയ കൊതുകുജന്യരോഗങ്ങൾ, എലിപ്പനി പോലുള്ള ജന്തുജന്യരോഗങ്ങൾ, എച്ച് വൺ എൻ വൺ, ഇൻഫ്‌ളുവൻസ പോലുള്ള വായു വഴി പകരുന്ന രോഗങ്ങൾ എന്നിവക്കെതിരെയാണ് കരുതൽ വേണ്ടത്.

ഓരോ പൗരനും ജാഗ്രത പാലിച്ചാലേ ഇത്തരത്തിലുള്ള രോഗങ്ങൾ പടരാതിരിക്കുമെന്നും ആരോഗ്യവകുപ്പ് വലിയ കരുതലോടെയാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ അറിയിച്ചു.  കൊതുകുവളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയാൽ ഡെങ്കിപ്പനിയിൽ നിന്നും രക്ഷ നേടാം.  ഇതിനായി വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം കർശനമായും ഡ്രൈഡേ ആചരിക്കണം.  വെള്ളം സ്ഥിരമായി കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
ആരോഗ്യ വകുപ്പിന്റെ ജില്ലാതല ആരോഗ്യ ജാഗ്രത ടീം അംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ പരിശോധിച്ച് പകർച്ചവ്യാധികൾക്ക് കാരണമായ സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ വിവിധ നിയമപ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.

ദേഹാസ്വാസ്ഥ്യമോ മറ്റു അസുഖങ്ങളുടെ ലക്ഷണങ്ങളോ ഉള്ളവർ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്നും എല്ലാ സൗകര്യങ്ങളും അവിടെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അസുഖം പൂർണമായും ഭേദമാകാതെ പൊതു പരിപാടികളിൽ അവർ പങ്കെടുക്കരുതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.