ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജൈവം നിർമ്മലം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിവിധ വാർഡുകളിൽ  നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ എത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്  പഞ്ചായത്ത്  ഭരണസമിതി ആദ്യഘട്ടത്തിൽ  നടത്തി വരുന്നത്. കച്ചവട സ്ഥാപനങ്ങൾ, വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി  എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നിനുമായി 40 പേരടങ്ങുന്ന ഹരിത കർമ്മസേനക്ക്  പഞ്ചയത്ത് രൂപം നൽകി. ഓരോ വാർഡിനും മൂന്നു പേർ എന്ന നിലയിലാണ് ഹരിത കർമ്മസേന അംഗങ്ങൾ പ്രവർത്തിക്കുക.
 വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിനു കീഴിലെ 17 വാർഡുകളിലെയും വീടുകളിൽ നേരിട്ടെത്തി അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. കഴുകി ഉണക്കിയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളും നിശ്ചിത ദിവസങ്ങളിൽ ഈ മാലിന്യങ്ങൾ വീടുകളിൽ നിന്ന് നേരിട്ടെത്തി ശേഖരിക്കുന്നതിനുള്ള നടപടികളും  പഞ്ചായത്ത് ആരംഭിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കും മാലിന്യ ശേഖരണത്തിനുമായി ആദ്യഘട്ടത്തിൽ 2.5 ലക്ഷം രൂപയാണ് പഞ്ചായത്ത്  വകയിരുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ ജൈവ മാലിന്യങ്ങളുടെ  സംസ്‌ക്കരണത്തിനായി എയറോബിക്‌സിൻ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയും പഞ്ചായത്ത് ഭരണസമതി സ്വീകരിച്ചിട്ടുണ്ട്. ഇതിനുള്ള സ്ഥലം  രണ്ടു  മാസത്തിനുള്ളിൽ ഏറ്റെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജി പറഞ്ഞു.    ഇലക്‌ടോണിക്‌സ് വേസ്റ്റ്, പൊട്ടിയ പാത്രങ്ങൾ, റബർ ഉത്പന്നങ്ങൾ തുടങ്ങിയവ  പ്രത്യേകം  തരംതിരിച്ച് ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനുമായി എം സി എഫ് (മെറ്റൽ കളക്ഷൻ ഫെസിലിറ്റി) യൂണിറ്റും പഞ്ചായത്തിൽ ആരംഭിച്ചു. 2 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്. വെള്ളത്തൂവൽ, ആനച്ചാൽ. കുഞ്ചിതണ്ണി, കല്ലാർകുട്ടി, തോക്കുപ്പാറ, മുതുവാൻകുടി തുടങ്ങി പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നതിന്  പ്രത്യേക സംഘത്തെയും പഞ്ചായത്ത് ഭരണസമതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയിലൂടെ പഞ്ചായത്തിലെ പ്ലാസ്റ്റിക് നിക്ഷേപത്തെ നിയന്ത്രിക്കാനും സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വെള്ളത്തൂവൽ  പ്രാഥമിക ആരോഗ്യകേന്ദ്രം ജീവനക്കാരും ഒരുമിച്ച് കൈകോർത്താണ് ജൈവം നിർമ്മലം പദ്ധതി വിജയത്തിലേക്കെത്തിക്കുന്നത്.