ചെറുകിട തേയിലകർഷകരെ  വൻകിട തേയില ഫാക്ടറികളുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനുള്ള ബദൽ മാർഗ്ഗമാണ്  തങ്കമണി സഹകരണ തേയില ഫാക്ടറിയും സഹ്യ ടീയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് അമ്പലമേട്ടിൽ ആരംഭിച്ച തേയില ഫാക്ടറിയിൽ ഉല്പാദിപ്പിക്കുന്ന സഹ്യടീ- തേയിലപൊടിയുടെ വിപണനോദ്ഘാടനം തങ്കമണിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂരിപക്ഷം ചെറുകിട തേയില കർഷകരെയും സഹായിക്കുന്ന സഹകരണ ബാങ്കിന്റെ ഈ പദ്ധതി മഹത്തായ പ്രവർത്തനമാണ്. അതോടൊപ്പം വലിയൊരുപരീക്ഷണവുമാണ്.  മികച്ച  രീതിയിലുളള വിപണനത്തിലൂടെ വിജയത്തിലെത്തണം. കർഷകർക്ക് തങ്ങളുടെ ഉല്പന്നം എപ്പോൾ വേണമെങ്കിലും വിൽക്കുവാനൊരിടവും ന്യായമായ വിലയുമാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടമെന്നും മന്ത്രി പറഞ്ഞു.
    കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  അഡ്വ. ജോയിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.  കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.അഗസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജൻ, നോബിൾ ജോസഫ്, ഐ.സി.ഡി.പി പ്രോജക്ട് മാനേജർ ജിൽസ്‌മോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം റെജി മുക്കാട്ട്,  ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ മത, രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി രവീന്ദ്രൻ എ.ജെ നന്ദിയും പറഞ്ഞു.