മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു
ഇടുക്കി: വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന പ്രവണതക്ക് മാറ്റം കൊണ്ടുവരാനുള്ള വലിയ ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം മാത്രമെ സംസ്ഥാനത്തുല്‍പാദിപ്പിക്കുന്നുള്ളു. ബാക്കി എഴുപത് ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഈ രീതിയില്‍ കൂടുതല്‍ കാലം മുമ്പോട്ട് പോകാനാവില്ല.വിവിധ ജല വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. അവ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാകും. വ്യവസായ മേഖലക്ക് അത് കരുത്താകും. സോളാര്‍ വൈദ്യുതി ഉത്പാദന കാര്യത്തിലും ആലോചന നടക്കുന്നുണ്ട്. ഒരു ലക്ഷം കുടുംബങ്ങളില്‍ ഇത്തരത്തില്‍ വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള കുസുമം പദ്ധതി കാര്‍ഷിക മേഖലക്ക് ഒട്ടേറെ ഗുണം ചെയ്യുന്നതാണ്. കര്‍ഷകര്‍ക്ക് പദ്ധതി ഏറെ സഹായകരമാകും. വൈദ്യുതി ഇനിയും ലഭ്യമാകാത്ത ആദിവാസി മേഖലകളിലടക്കം വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വൈദ്യുതി എത്തിക്കാന്‍ ഒരുവിധത്തിലും സാധിക്കാത്ത ഇടങ്ങളില്‍ സോളാര്‍ വൈദ്യുതി എത്തിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി. തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ കീഴിലെ അടിമാലി ഡിവിഷനില്‍ പെടുന്നതാണ് മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ പൂര്‍ണമായും മൂന്നാര്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഏകദേശം 142 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശം മറയൂര്‍ സെക്ഷന്റെ കീഴിലാണ്. ഈ സെക്ഷനില്‍ 133 കി.മി 11 കെവി ലൈനും, 357 കിലോമീറ്റര്‍ എല്‍റ്റി ലൈനും, 53 ട്രാന്‍സ്ഫോര്‍മറുകളും ഉണ്ട്. മറയൂര്‍ സെക്ഷന്റെ കീഴില്‍ 8627 ഗാര്‍ഹിക ഉപഭോക്താക്കളും, 137 കാര്‍ഷിക ഉപഭോക്താക്കളും, 1496 വാണിജ്യ ഉപഭോക്താക്കളും, 9 വ്യാവസായിക ഉപഭോക്താക്കളും ഉള്‍പ്പെടെ 10,778 ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്.
മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വര്‍ഷങ്ങളായി പരിമിതമായ സൗകര്യങ്ങളോടു കൂടി ജലവിഭവവകുപ്പ് താത്കാലികമായി നല്‍കിയ ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു കെട്ടിടം പണിയുന്നതിന് 85 ലക്ഷം രൂപയുടെ ഭരണാനുമതി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാഷ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ള സെക്ഷന്‍ ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും താഴത്തെ നിലയിലും, കെ എസ് ഇ ബി ലിമിറ്റഡിന്റെ ഹൈഡ്രോളജി ഓഫീസ് മുകളിലത്തെ നിലയിലും പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്. മറയൂരില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ ദേവികുളം അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ഞ്ചിനിയര്‍ മനോജ് ഡി, ചീഫ് എഞ്ചിനിയര്‍ ടെന്‍സണ്‍ എം എ, മൂന്നാര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ലളിതാ കെ എന്‍, മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.