കൊല്ലം: ശുചിത്വം ഉറപ്പാക്കുന്നതിനും ശരിയായ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സഹായ പദ്ധതികളും സേവനങ്ങളുമടങ്ങുന്ന കൈ പുസ്തകവുമായി ശുചിത്വ മിഷന്‍. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം. കെ. ഡാനിയല്‍ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആസിഫ്. കെ. യൂസഫിന് കൈ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രൂപപ്പെടുന്ന മാലിന്യത്തിന്റെ തോതും ഇനവും വ്യത്യസ്തമാണ്. അവസ്ഥാപഠനത്തിലൂടെ കൃത്യമായി മാലിന്യത്തിന്റെ ഉറവിടം, അളവ്, ഇനം എന്നിവ കണ്ടെത്തി അനുയോജ്യ സാങ്കേതിക വിദ്യയിലൂടെ മാത്രമേ മാലിന്യ സംസ്‌കരണം നടപ്പിലാക്കാന്‍ സാധിക്കു. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏതൊക്കെ ഏജന്‍സികളുടെ സേവനം ലഭ്യമാകും, സാങ്കേതിക സാമ്പത്തിക ഉപദേശങ്ങള്‍, അനുമതികള്‍, സഹായങ്ങള്‍ എന്നിവ ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ശുചിത്വ മിഷന്‍ പഠനസഹായി ഒരുക്കിയത്.