ആലപ്പുഴ: ഗര്‍ഭിണികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 മുതല്‍ ആരോഗ്യവകുപ്പ് തുടങ്ങുന്നു. വാക്സിന്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികള്‍ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കുണം. പ്രതീക്ഷിക്കുന്ന പ്രസവത്തീയതി പരിഗണിച്ച്, മുന്‍ഗണനയനുസരിച്ച് വാക്സിന്‍ എടുക്കേണ്ട കേന്ദ്രവും തീയതിയും സമയവും ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂര്‍ അറിയിക്കും. നിര്‍ദ്ദിഷ്ട കേന്ദ്രത്തില്‍ കൃത്യസമയത്തെത്തി വാക്സിന്‍ സ്വീകരിക്കുക. കോവിഡിനെതിരെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയുറപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുക. ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ എടുക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ ഗര്‍ഭിണികളും എത്രയും പെട്ടെന്ന് കോവിഡ് 19 വാക്സിന്‍ സ്വീകരിക്കണം. അങ്ങനെ അമ്മയെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും കോറോണയില്‍ നിന്നും രക്ഷിക്കുക. കോവിഡ് 19 വാക്സിന്‍ എടുക്കുന്നതില്‍ ഗര്‍ഭിണികള്‍ ഭയപ്പെടേണ്ട. വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുകയും പാര്‍ശ്വഫലങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.