വയനാട്: ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും ഡോക്ടര്‍ മാരെ സഹായിക്കുന്നതിനായി നഴ്‌സിംഗ് സംവിധാനം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി സര്‍വ്വകാലശാലയില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് സമാനമായ തരത്തിലുളള സംവിധാനമാണ് പരിഗണിയിലുളളത്. ഈ മേഖലയിലെ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രയാസങ്ങള്‍ കുറക്കാന്‍ നഴ്‌സിംഗ് സംവിധാനം സൃഷ്ടിക്കുന്നതിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായി യോഗ്യരായ നഴ്‌സുമാരെ പരിശീലിപ്പിക്കാന്‍ മൃഗസംരക്ഷ വകുപ്പിന്റെയോ സര്‍വ്വകലാശാലയുടെയോ നേതൃത്വത്തില്‍ നഴ്‌സിങ് കോളേജ് ആരംഭിക്കുന്നതിനുളള പദ്ധതിയും ആലോചിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ മൃഗാശുപത്രികളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ഇരുപത്തിനാല് മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിനുളള പരിശ്രമമാണ് മൃഗസംരക്ഷണ വകുപ്പ് നടത്തി കൊണ്ടിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലും ക്ഷീര കര്‍ഷകരെ സംരക്ഷിക്കാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്ന പ്രവണതയുളളതിനാല്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്ന സമീപനം തുടര്‍ന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറുമായി ചേര്‍ന്ന് സര്‍വ്വകാലശാലയെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനുളള പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുളള ശ്രമം സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നുണ്ടാകണം. വിദേശത്ത് നിന്ന് അടക്കമുളള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുളള സെമിനാറുകള്‍ നടത്താന്‍ മുന്‍കൈയെടുക്കണം. ഇതോടൊപ്പം തന്നെ മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും സര്‍വ്വകലാശാല ശ്രദ്ധിക്കേണ്ടതുണ്ട്. മൃഗങ്ങള്‍ക്ക് ഭീഷണിയാകുന്ന രോഗങ്ങള്‍ക്കെതിരെ പുതിയ വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനുളള ഗവേഷണങ്ങള്‍ക്ക് സര്‍വ്വകലാശാല നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെയാണ് മന്ത്രി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെത്തിയത്. ഐ.സി.എ.ആര്‍ ടൈബല്‍ സബ് പ്ലാന്‍ പ്രകാരം ആദിവാസി യുവ സംരഭകര്‍ക്ക് പോത്ത് കുട്ടികളെ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്യാമ്പസിലെ ഗോത്രമിഷന്‍ ട്രൈബല്‍ പ്രോജക്ടും സന്ദര്‍ശിച്ചു.

സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവും എം.എല്‍.എയുമായ അഡ്വ. ടി. സിദ്ധിഖ്, വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, രജിസ്ട്രാര്‍ ഡോ. സുധീര്‍ബാബു, എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ എം.കെ നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍ എം. ശ്രീലത തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.