ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലേയും, ജലവിതരണ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണത്തിനും വേണ്ടി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച 211.71 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആലപ്പുഴ മണ്ഡലത്തിലെ 2.23 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ലഭിക്കും.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 4 വരെയും 20 മുതൽ 25 വരെയും 30 മുതൽ 44 വരെയും 46 മുതൽ 52 വരെയുമുള്ള വാർഡുകളിലും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലും ഈ പദ്ധതിയുടെ പ്രയോജനമുണ്ട്. പുതിയ ജലസംഭരണികളുടെ വിതരണ ശൃംഖലയുടെ നവീകരണവും, വിപുലീകരണവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കരുമാടിയിൽ നിലവിലുള്ള 62 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ജലമാണ് ഈ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്.

ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചാത്തനാട്. വടികാട്. ചുടുകാട് എന്നിവിടങ്ങളിൽ 16 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, ചന്ദനക്കാവ് 12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നത ജലസംഭരണി, വഴിച്ചേരി 6ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല സംഭരണി, ചാത്തനാട് 5 ലക്ഷം ലിറ്റര്‍ ജലസംഭരണി, വിടകാട് 3 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജലസംഭരണി, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ 12 ലക്ഷം വീതം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണികൾ, മാരാരിക്കുളം, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ 3 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ഭൂതല സംഭരണികൾ, ആര്യാട് പഞ്ചായത്തിൽ 9 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നത തല ജലസംഭരണി, മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 280 എം.എം വ്യാസമുള്ള 2.60 കി.മീ ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, മണ്ണഞ്ചേരി പഞ്ചായത്തിൽ 315 എം.എം വ്യാസമുള്ള 6.5 കി.മീ ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, അനുബന്ധ മോട്ടോറുകളും പമ്പുകളും, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ആലിശ്ശേരിയിൽ ഓപ്പറേറ്റർമാർക്കുളള കോർട്ടേഴ്സ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ ആലപുഴ മുനിസിപ്പാലിറ്റിയിൽ 369 കി. മീ., മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 101 കി.മീ., ആര്യാട് പഞ്ചായത്തിൽ 18.5 കി.മി., മണ്ണഞ്ചേരി പഞ്ചായത്തിൽ 66 കി.മി നീളത്തിൽ 90 മുതൽ 500 എം.എം വരെ വിവിധ വ്യാസമുള്ള ജല വിതരണ കുഴലുകൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.