ആലപ്പുഴ : കർഷകരുടെ ഓരോ ഉത്പ്പന്നങ്ങൾക്കും അവർ നിശ്ചയിക്കുന്ന ന്യായമായ വില ലഭിക്കാൻ നഗര വഴിയോര കാർഷിക വിപണിയിലൂടെ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർത്തല നഗരസഭാ പരിധിയിൽ ആരംഭിച്ച നഗര വഴിയോര കാർഷിക വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിക്കാരന് അവരുടെ ഉത്പ്പന്നങ്ങൾ നഗര വഴിയോര കാർഷിക കേന്ദ്രത്തിലൂടെ നേരിട്ട് വിൽക്കാൻ സാധിക്കും. ഇടനിലക്കാർ ഇല്ലാതെ അവർ തന്നെ നിശ്ചയിക്കുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങൾ വിൽക്കാനും ന്യായമായ വില വാങ്ങുവാനും ഇതുവഴി സാധിക്കും. വിഷം കലർന്ന പച്ചക്കറിയാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രതിസന്ധി. നമ്മുടെ നാട്ടിലെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന വിഷം കലരാത്ത നാടൻ പച്ചക്കറികൾ എന്തുകൊണ്ടും സുരക്ഷിതമായിരിക്കും. അന്തസ്സാർന്ന ജീവിതം നയിക്കാൻ ആവശ്യമായ ലാഭം മാത്രമേ കർഷകർ ആഗ്രഹിക്കുന്നുള്ളൂ. അത് കൊണ്ടു ഗുണമേന്മയുള്ള പച്ചക്കറികൾ മാത്രമേ കർഷകർ വിപണന കേന്ദ്രത്തിലെത്തിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഇത്തരം വിപണനകേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാവരും തയ്യാറാവണമെന്നും അതിന്റെ ഗുണം സാധാരണക്കാരായ കർഷകന്റെ വീടുകൾക്കാകും ലഭിക്കുക. -മന്ത്രി പറഞ്ഞു.
കർഷകരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഉപഭോക്താക്കൾ കൂടുതൽ എത്തിച്ചേരുന്ന നഗര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് വഴിയോര വിപണി സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ ആറ് നഗര വഴിയോര വിപണന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. നഗരസഭകൾ കേന്ദ്രീകരിച്ചാകും വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ചേർത്തല നഗരസഭയിൽ രണ്ട് വിപണന കേന്ദ്രങ്ങൾ ഉണ്ടാകും. കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ നഗരസഭകളിലും വിപണനകേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ആഴ്ചയിലൊരു ദിവസമാണ് നഗര വഴിയോര വിപണനകേന്ദ്രങ്ങൾ പ്രവർത്തിക്കുക. കർഷകനായ നിഷാദിന്റെ മാരാരി ഫ്രഷ് എന്ന ഓൺലൈൻ വിപണിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, നഗരസഭ വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. ജെ. മേഴ്സി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. സി. ഷീന, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിങ് കെ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.