കാസർഗോഡ്: കാലവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷിയിൽ ഏറ്റകുറച്ചിലുകൾ സൃഷ്ടിക്കുന്നു. സ്വതവേ ദുർബലമായിരിക്കുന്ന ശരീരത്തെ പെട്ടെന്ന് കീഴ്‌പ്പെടുത്തുവാൻ രോഗങ്ങൾക്ക് കഴിയുന്നു. കർക്കിടക ചികിത്സയ്ക്ക് കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുണ്ട്.

കർക്കിടക മാസം വർഷഋതുവിൽ പെടുന്നതാണ്. ഈ ഋതുവിവൽ നമ്മുടെ ശരീരത്തിലും, ചുറ്റുപാടിലും പലതരം മാറ്റങ്ങൾ സംഭവിക്കുന്നു. രോഗവാഹകരായ കൊതുക്, ഈച്ച, എലി മുതലായവ പെരുകുന്നു. മനുഷ്യരിൽ ശരീരബലം കുറയുന്നത് മഴക്കാലത്താണ്. ഇത് രോഗങ്ങൾ വരാനുളള സാദ്ധ്യതയെ വർദ്ധിപ്പിക്കുന്നു.

വർഷഋതുചര്യയോടൊപ്പം പരിസര ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ അകറ്റിനിർത്താമെന്ന് ഭാരതീയ ചികിൽസാ വകുപ്പ് അറിയിക്കുന്നു.

കർക്കിടക കഞ്ഞി

ചേരുവകൾ.
1. ഞവര അരി/ മട്ട അരി
2. ആശാളിയരി
3. ഉലുവ
4. ചുക്ക്
5. കുരുമുളക്
6. തിപ്പലി
7. ജീരകം
8. കടുക്
9. ചെറിയ ഉളളി
10. ഇതുപ്പ്
11. നെയ്യ്
12. തേങ്ങാപ്പാൽ

അരി, ഉലുവ എന്നിവ ആവശ്യത്തിന് വെളളം ചേർത്ത് വേവിക്കുക. അരി വേവാകുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക. ഇതിലേക്ക് ചുക്ക്, കുരുമുളക്, ജീരകം, ഇവ പൊടിച്ച് ചേർത്ത് പാകപ്പെടുത്തുക. ആവശ്യത്തിന് ഇന്തുപ്പ് ചേർത്ത് നെയ്യിൽ ചെറിയ ഉളളി, താളിച്ച് ചേർത്ത് കഴിക്കാം. മധുരം ആവശ്യമുളളവർക്ക് ശർക്കര ചേർത്ത് കഴിക്കാം.