ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ വകുപ്പ് സർവ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്താനും ആവിഷ്കരിച്ചിട്ടുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിൽ വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങൾ വേഗത്തിലാക്കാനും മന്ത്രി നിർദേശിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് പകുതിയോടെ ഓണച്ചന്തകൾ ആരംഭിക്കും. ഉൽപ്പന്നങ്ങളുടെ അളവിലോ ഗുണമേന്മയിലോ വിട്ടുവീഴ്ച പാടില്ല. ഏറ്റവും മികച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക് സ്വമേധയാ കാർഡ് തിരിച്ചേല്‍പ്പിക്കാനുളള ആഹ്വാനത്തിന് നല്ല പ്രതികരണമുണ്ടായി. ഒന്നര ലക്ഷത്തിലധികം പേര്‍ ഇതിനോടകം കാർഡ് തിരിച്ചേൽപ്പിച്ചു. ജില്ലയിൽ 10,734 കാർഡുകളാണ് സ്വമേധയാ തിരിച്ചേൽപ്പിച്ചത്.
ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എ.എൻ.ബേബി കാസ്‌ട്രോ, സപ്ലൈകോ റീജണൽ മാനേജർ എൻ. രഘുനാഥ്, ഡെപ്യൂട്ടി റേഷനിങ്ങ് കൺട്രോളർ കെ. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, ഡിപ്പോ മാനേജർമാരായ രജനി കെ.കെ, സുമേഷ് പി.കെ, താലൂക്ക് സപ്ലൈ ഓഫീസർമാരായ ശ്രീജ എൻ.കെ, സജീവൻ ടി.സി, ഫൈസൽ പി, കെ.മുരളീധരൻ, ഉഷാകുമാരി എന്നിവർ പങ്കെടുത്തു.