തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 19-ാം വാർഡ്, നന്ദിയോട് പഞ്ചായത്ത് 18, 12 വാർഡുകൾ, കരവാരം പഞ്ചായത്ത് 12-ാം വാർഡ് എന്നിവയാണു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

പലചരക്ക് സാധനങ്ങൾ, പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറി എന്നി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. മറ്റു കടകൾ തുറക്കാൻ പാടില്ല. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

റസ്റ്ററന്റുകൾ രാവിലെ ഏഴു മുതൽ  വൈകിട്ട് ഏഴു വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ആളുകൾ അവശ്യ സാധനങ്ങൾ ഏറ്റവും അടുത്തുള്ള കടകളിൽനിന്നു വാങ്ങണം. ഇ-കൊമേഴ്‌സ് ഡെലിവറി സേവനം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം, പൗണ്ട്കടവ്, മുള്ളൂർ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.