വയനാട്:  പുതു തലമുറയുടെ ഭാവി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളുടെ ലഭ്യതയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് മാത്രമേ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തില്‍ വയനാട് – കോഴിക്കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ മുന്‍കൈ എടുക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി നിര്‍ദേശിച്ചു.

കോഴിക്കോട്-വയനാട് ജില്ലയിലെ ടെലികോം സേവനങ്ങളെ മുന്‍നിര്‍ത്തി കോഴിക്കോട് ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നടന്ന ടെലിഫോണ്‍ അഡൈ്വസറി കമ്മറ്റിയില്‍ ഓണ്‍ലൈനായി അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തും ബി.എസ്.എന്‍.എല്‍ നടത്തി വരുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എം.കെ രാഘവന്‍ എ.പി ബി.എസ്.എന്‍.എല്‍ സ്ഥാപനത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലും, തിരുവമ്പാടിയിലും നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത മേഖലകളുടെ വിവരങ്ങള്‍ രാഹുല്‍ ഗാന്ധി എം.പി ബി.എസ്.എല്‍.എലിന് കൈമാറുകയും ഈ പ്രദേശങ്ങളിലെ പരിഹാര സാധ്യതകള്‍ രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കാമെന്ന് കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് ഉറപ്പു നല്‍കുകയും ചെയ്തു.

കോഴിക്കോട് ബിസിനസ്സ് ഏരിയയുടെ കീഴില്‍ വരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ ഉപദേശക സമിതി അംഗങ്ങള്‍ മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മിലി മോഹന്‍, പി.കെ. കമല, പടയന്‍ മുഹമ്മദ്, പി.പി അലി, മഠത്തില്‍ അബ്ദുറഹ്മാന്‍, കെ.ടി. വിനോദന്‍, ടി. രാജന്‍, ഐ. മൂസ, മനോളി ഹാഷിം, കെ.വി സു്രഹ്മണ്യന്‍, എ. അരവിന്ദന്‍, എം.എ. റസാക്ക് മാസ്റ്റര്‍, കെ.സി അബു, കോഴിക്കോട് ബി.എസ്.എന്‍.എല്‍ ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.