കാസർഗോഡ്: കുടുംബശ്രീ കോവിഡ് സ്പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിദ്യാനഗറിലെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാന്റീനില്‍ നിര്‍വ്വഹിച്ചു. കര്‍ക്കിടക കഞ്ഞി കഴിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡ് മഹാമാരി കാലത്ത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രോഗ പീഡകളെ അകറ്റാനുമാണ് ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ 40 ജനകീയ ഹോട്ടലുകളില്‍ കോവിഡ് സ്പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്തുന്നത്. ആഗസ്റ്റ് 16 വരെയാണ് ഫെസ്റ്റ്. ചെന്നല്ലരിയും പച്ച മരുന്നുകളും ചേര്‍ത്ത് ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്റെ തനതായ കര്‍ക്കിടക കഞ്ഞി.

നാല് തരം കഞ്ഞികള്‍ നല്‍കുന്നുണ്ട്. ഒപ്പം ഇലക്കറികള്‍, നെല്ലിക്ക ചമ്മന്തി എന്നിവയും. 50 രൂപയാണ് ഇതിന് ഈടാക്കുന്നത്. മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകള്‍ സജീകരിക്കും. ഇതിലൂടെ കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരായ കെ. ശകുന്തള, ഗീതാകൃഷ്ണന്‍, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ മിഷന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ഇന്ദു ദിലീപ്, മുന്‍ എംപി പി. കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.