മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (2021 ജൂലൈ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത് 17.99 ശതമാനം. 2,752 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,453 പേര്‍ കോവിഡ് ബാധക്കുശേഷം ചൊവ്വാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,52,870 പേരായി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,673 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 25 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,419 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

18,291 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 626 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 366 പേരും 138 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 484 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,394 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.