സംസ്ഥാനത്തെ 91 സര്‍ക്കാര്‍ ഐടിഐകളിലെ 76 ട്രേഡുകളിലേക്ക് 2018 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org) ഉദ്ഘാടനം തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി മെട്രിക്, എന്‍.സി.വി.ടി നോണ്‍ മെട്രിക്,സി.ഒ.ഇ. സ്‌കീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള എസ്.സി.വി.ടി മെട്രിക്, എസ്.സി.വി.ടി നോണ്‍ മെട്രിക്, പ്ലസ് ടു യോഗ്യതാ ട്രേഡുകള്‍ എന്നീ ട്രേഡുകളില്‍ യോഗ്യതയനുസരിച്ച് പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷകര്‍ ഐടിഐകളില്‍ ലഭ്യമായ അഭിരുചിയുള്ള പരമാവധി ട്രേഡുകള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുന്നത് പ്രവേശന സാധ്യത വര്‍ധിപ്പിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഐടിഐയില്‍ സമയപരിധിക്കു മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസൊടുക്കി രസീത് വാങ്ങണം. ഐടിഐകളില്‍ നേരിട്ടോ ട്രഷറി ചെലാന്‍ മുഖേനയോ 0230-00-എല്‍&ഇ-800-അദര്‍ റസീറ്റ്‌സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാം. സമയപരിധിക്കു മുമ്പ് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഐടിഐയില്‍ സമര്‍പ്പിച്ച് ഫീസൊടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് അപേക്ഷകന് അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു സേവനദാതാക്കളെ സമീപിക്കുന്ന അപേക്ഷകര്‍ക്ക് പോര്‍ട്ടലില്‍നിന്ന് ലഭ്യമാകുന്ന പ്രോസ്‌പെക്ടസ്/ ഐടിഐ-സ്ട്രീം- ട്രേഡ്‌ലിസ്റ്റ് എന്നിവ പരിശോധിച്ച് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഐടിഐ സ്ട്രീം ട്രേഡ് ലിസ്റ്റ് മുന്‍ഗണനാക്രമത്തില്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതിനും അര്‍ഹമായ ട്രേഡുകള്‍ തന്നെ ലഭ്യമാക്കാനും അവസരമൊരുക്കും.
പ്രവേശന കൗണ്‍സലിംഗിനു യോഗ്യത നേടിയ അപേക്ഷകര്‍ പ്രവേശനസമയത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.itiadmissions.orgwww.det.kerala.gov.in എന്നീ പോര്‍ട്ടലുകളില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഗവ. ഐടിഐകളില്‍ ഫീസ് ഒടുക്കേണ്ട അവസാന തിയതി ജൂലൈ മൂന്ന് ആണ്.
ചടങ്ങില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍  ഡോ. ശ്രിറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍  പി.കെ. മാധവന്‍, ജോയിന്റ് ഡയറക്ടര്‍ ബി.ജസ്റ്റിന്‍ രാജ്, ഡെപ്യൂട്ടി  ഡയറക്ടര്‍ ബി. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.