വായനയോടുള്ള ആഭിമുഖ്യം അനുദിനം വളരുകയാണെന്ന് പുരാവസ്തു- പുരാരേഖ – മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല വായനദിനാചരണവും പുരാവസ്തു പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരളം മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.  വായുവും വെള്ളവും മനുഷ്യന് സൗജന്യമായി യഥേഷ്ടം ലഭിക്കുന്നതുപോലെ വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വായന മരിക്കുന്നുവെന്ന വാദഗതികൾ ശരിയല്ലെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ജില്ലാതല വായനദിന സെമിനാർ ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.  പത്രവായനക്കാരുടെ എണ്ണം വർഷം തോറും വർധിക്കുന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.  നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരോജിനിയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ശ്രീകാന്ത്, വി. വിജയകുമാർ, വി.കെ. സുനന്ദ, ബ്ലോക്ക് പഞ്ചായത്തംഗം എൽ. അനിത, ഗ്രാമപഞ്ചായത്തംഗം എം. സുധാകുമാരി, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ സാക്ഷരതാമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ബി. സജീവ്, വൈ. സജ്‌ന, നോഡൽ പ്രേരക് ആർ.എസ്. കസ്തൂരി, നീലകണ്ഠൻ നായർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  സെമിനാറിൽ സെയ്ദ് സബർമതി വിഷയം അവതരിപ്പിച്ചു.  പുരാവസ്തു പ്രദർശനത്തിൽ മലയിൻകീഴ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പുന്നമൂട് ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചത്.
വായനദിനത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ പ്രതേ്യക അസംബ്ലി ചേർന്ന് വായനദിന പ്രതിജ്ഞയുമെടുത്തു.